തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നു ഹനുമാന്‍ കുരങ്ങുകളെയും പിടികൂടി. കഴിഞ്ഞ ദിവസം രണ്ടു കുരങ്ങുകൾ കൂട്ടിൽ കയറിയിരുന്നു. എന്നാൽ മൂന്നാമത്തെ കുരങ്ങിനെ ഇന്ന് ഉച്ചയോടെയാണ് പിടികൂടിയത്.(thiruvananthapuram zoo hanuman monkeys back)
കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടർ അടക്കമുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് കുരങ്ങിനെ പിടികൂടിയത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ഹനുമാൻ കുരങ്ങനെ താഴെയിറക്കിയത്.
ചൊവ്വാഴ്ചയാണ് രണ്ട് കുരങ്ങുകള്‍ കൂട്ടില്‍ തിരികെയെത്തിയത്. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് കൂട്ടില്‍ തിരികെ എത്തിച്ചത്. മൂന്ന് കുരങ്ങുകളും കൂട്ടില്‍ കയറാത്തതിനെ തുടര്‍ന്ന് മൃഗശാലക്ക് അവധി നല്‍കിയിരുന്നു. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.