തിരുവനന്തപുരം: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് തിരുവല്ലം സ്വദേശിനി ഷഹന ആത്മഹത്യ ചെയ്ത കേസിലെ ആരോപണ വിധേയനായ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. കടയ്ക്കൽ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രതികളുടെ ബന്ധു കൂടിയായ നവാസ് അന്വേഷണ വിവരങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഷഹനയുടെ മരണത്തെ തുടർന്ന് പ്രതികളായ ഭർത്താവ് നൗഫലും, അമ്മ സുനിതയും ഒളിവിൽ പോയിരുന്നു. കാറിൽ രക്ഷപ്പെട്ട ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികള്‍ കടയ്ക്കലുള്ള ബന്ധവീട്ടിലുണ്ടെന്ന് തിരുവല്ലം പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ പിടികൂടാൻ കടയ്ക്കൽ പൊലീസിന്‍റെ സഹായം തേടി. എന്നാൽ സ്റ്റേഷനിലുണ്ടായിരുന്ന പ്രതികളുടെ ബന്ധുവായ പൊലീസുകാരൻ നവാസ് കാറും മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളോട് നിർദേശിക്കുകയായിരുന്നു.
ഡിസംബര്‍ 26-നാണ് ഷഹനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടിലെ പ്രശ്നങ്ങൾ മൂലം മൂന്നു മാസമായി ഷഹന സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഭര്‍തൃവീട്ടിൽ നടക്കുന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ഷഹനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയിൽ കയറിയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read Also: ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു ; നാടിനെ നടുക്കിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ