കൊണ്ടോട്ടി: ദമ്മാമിൽനിന്ന് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച സ്വർണം യാത്രക്കാരനിൽനിന്ന് കവരാൻ ശ്രമിച്ച മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ. ഇരുമ്പുഴി വലിയപറമ്പ് മുഹമ്മദ് ഹർഷാദ് (28), താനൂർ പരിയാപുരം ചേക്കാമടത്ത് സുഹൈർ (23), പരിയാപുരം ഒട്ടുംപുറം ബീച്ച് മോയിക്കൽ വീട്ടിൽ അസീസ് (29) എന്നിവരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരിപ്പൂർ സി.ഐ എസ്. രജീഷ്, എസ്.ഐ കെ. അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഘത്തെ ചോദ്യംചെയ്തതിൽനിന്ന് സ്വർണ കവർച്ച സംഘത്തിലെ പ്രധാനികളെക്കുറിച്ച് വിവരം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.