ഇതിലും ഗതികെട്ടവൻ ആരേലും ഉണ്ടോ? എക്‌സോസ്റ്റ് ഫാൻ ദ്വാരത്തിൽ കുടുങ്ങി കള്ളൻ; വീഡിയോ വൈറൽ
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ മോഷ്ടിക്കാനെത്തിയ കള്ളന് രക്ഷപ്പെടാൻ പോലും കഴിയാതെ കുടുങ്ങേണ്ടി വന്ന വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വീടിന്റെ എക്‌സോസ്റ്റ് ഫാൻ സ്ഥാപിക്കാനായി ഒരുക്കിയ ചെറിയ ദ്വാരത്തിലൂടെ അകത്തുകടക്കാൻ ശ്രമിച്ച കള്ളൻ പാതിവഴിയിൽ കുടുങ്ങി.
പൊലീസ് ഏവിയേഷൻ വിംഗിൽ വനിതാ സാന്നിധ്യം; കുവൈത്തിൽ ചരിത്ര നേട്ടം
പത്തടി ഉയരത്തിലുള്ള ദ്വാരം, പാതിയിൽ തൂങ്ങി കള്ളൻ
കോട്ടയിലെ പ്രതാപ് നഗർ സ്വദേശിയായ സുഭാഷ് കുമാർ റാവത്തിന്റെ വീട്ടിലാണ് സംഭവം.
നിലത്തുനിന്ന് ഏകദേശം പത്തടി ഉയരത്തിലുള്ള ദ്വാരത്തിൽ കള്ളന്റെ തലയും കൈകളും വീടിനുള്ളിലും ശരീരത്തിന്റെ ബാക്കി ഭാഗം പുറത്തുമായിരുന്നു.
ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതികൾ ഈ കാഴ്ച കണ്ടതോടെ ബഹളം വെച്ചു.
ഭീഷണിയും രക്ഷപ്പെടാനുള്ള അവസാന ശ്രമവും
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കള്ളൻ രക്ഷപ്പെടാൻ കഴിയാതെ ഭീഷണി മുഴക്കുകയായിരുന്നു.
തന്റെ കൂട്ടാളികൾ പുറത്തുണ്ടെന്നും വിട്ടില്ലെങ്കിൽ ദമ്പതികളെ കൊല്ലുമെന്നും ഇയാൾ പറഞ്ഞു.
എന്നാൽ ദമ്പതികൾ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.
ഒരു മണിക്കൂർ നീണ്ട രക്ഷാദൗത്യം
ബോർഖേഡ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കമ്പിയിൽ കുടുങ്ങി കരയുന്ന കള്ളനെയാണ് കണ്ടെത്തിയത്.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ പുറത്തുനിന്നും രണ്ട് പേർ വീടിനുള്ളിൽ നിന്നുമാണ് ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇയാളെ പുറത്തെടുത്തത്.
വേദനകൊണ്ട് കള്ളൻ നിലവിളിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
‘പൊലീസ്’ സ്റ്റിക്കറുള്ള കാറിൽ മോഷണത്തിനായി എത്തി
അറസ്റ്റിലായ പവൻ വൈഷ്ണവ് എന്ന പ്രതി മോഷണത്തിനായി എത്തിയ കാർ ‘പൊലീസ്’ സ്റ്റിക്കർ പതിപ്പിച്ചിരുന്നതാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു.
പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ഈ തന്ത്രമെന്ന് പൊലീസ് സംശയിക്കുന്നു.
കള്ളൻ കുടുങ്ങിയതോടെ കൂട്ടാളികൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
English Summary:
A burglary attempt in Rajasthan’s Kota turned dramatic when a thief got stuck halfway while trying to enter a house through an exhaust fan opening. The man remained trapped nearly 10 feet above the ground until police rescued him after an hour-long effort. Shocking details later emerged that the gang had arrived in a car bearing a “Police” sticker. The rescue video has since gone viral on social media.









