കൊച്ചി: കടക്കാരെ കൊണ്ട് പൊറുതിമുട്ടിയ സപ്ലൈകോ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ. കടവന്ത്ര ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്തെ ഹൈപ്പർ മാർക്കറ്റിന്റെ ഒന്നാംനില സാധനങ്ങളില്ലാത്തതിനാൽ പൂട്ടി. ഈ നിലയിൽ വെച്ചിരുന്ന സബ്സിഡി സാധനങ്ങളുൾപ്പെടെയുള്ളവ താഴത്തെ നിലയിലേക്ക് മാറ്റിയിട്ടുണ്ട്. താഴത്തെ നിലമാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.വിൽപന കുറഞ്ഞതോടെ പലയിടത്തും കരാർ ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചു.
വിപണി ഇടപെടലിന് സാധിക്കാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഭക്ഷ്യവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ പ്രവർത്തനം നിലച്ചിരിക്കുകയാണ്. കച്ചവടം ഏതാണ്ടില്ലാതായതോടെ, മിക്ക ഔട്ട്ലെറ്റുകളും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.ഇതുവരെ വിപണിയിലിടപെട്ട വകയിൽ 1650 കോടിയോളം കുടിശ്ശികയുണ്ട്. വിതരണക്കാര്‍ക്ക് മാത്രമായി 600 കോടിയും നൽകാനുണ്ട്. കോടികൾ കുടിശ്ശികയായതോടെ സ്ഥിരം കരാറുകാരാരും ടെൻഡറിൽ പങ്കെടുക്കുന്നില്ല.
സപ്ലൈകോക്ക് കരാറുകാർ സാധനങ്ങൾ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കോടികളുടെ കുടിശ്ശിക വന്നതാണ് കരാറുകാർ മുഖംതിരിക്കാൻ കാരണം. സബ്സിഡി സാധനങ്ങളുടെ വിലവർധന നടപ്പാക്കിയിട്ടുപോലും പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയാണ്. സബ്സിഡിയിതര സാധനങ്ങളും ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഔട്ട്ലെറ്റുകൾ കാലിയായത്. വൻ കുടിശ്ശികയുള്ളതിനാൽ കമ്പനികൾ സബ്സിഡിയിതര സാധനങ്ങൾ സപ്ലൈകോയിൽ നിന്ന് തിരിച്ചെടുക്കുന്നുമുണ്ട്.
എട്ടുമാസമായി സപ്ലൈകോയില്‍ പഞ്ചസാര കിട്ടാക്കനിയാണ്. വിതരണം ചെയ്ത വകയിൽ കിട്ടാനുള്ള 200 കോടിയിലധികം കിട്ടാതെ പഞ്ചസാര നൽകില്ലെന്ന നിലപാടിലാണ് കരാറുകാർ ഇപ്പോഴും. സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണക്കാകട്ടെ, പൊതുവിപണിയെക്കാൾ ഉയർന്ന വിലയാണ്.ഓണക്കാലം മുതലാണ് ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങളിൽ ക്ഷാമം തുടങ്ങിയത്.









