കണ്ണൂർ പയ്യന്നൂരിലെ സൂപ്പർമാർക്കറ്റിൽ ഈ കള്ളൻ കയറിയത് ഒന്നും രണ്ടും തവണയല്ല നാല് തവണയാണ്, നാല് തവണ. പണം കഴിഞ്ഞാൽ ഇഷ്ട സാധനങ്ങൾ പെർഫ്യൂമകളും ഷാമ്പുവും. ഇത്രയെല്ലാം എടുത്തുകൊണ്ടു പോയിട്ടും പോലീസിന്റെ കണ്ണിൽ പൊടിയിട്ട് മിടുക്കനായി നടക്കുകയാണ് ഈ കള്ളൻ. കഴിഞ്ഞ ബുധനാഴ്ച അവസാനമായി സൂപ്പർമാർക്കറ്റിൽ മോഷണത്തിന് കയറിയപ്പോൾ ഇയാൾ 25000 രൂപയും കൗണ്ടറിൽ നിന്ന് എടുത്തു. രൂപ കഴിഞ്ഞാൽ പിന്നെ ഇയാൾക്ക് പ്രിയം പെർഫ്യൂമകളും ഷാമ്പൂവുമാണ്. ആയിരക്കണക്കിന് രൂപയുടെ ഇത്തരം ഉത്പന്നങ്ങളാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരേ കള്ളൻ തന്നെയാണ് അടുപ്പിച്ച് നാലു തവണയും മോഷ്ടിക്കാൻ എത്തിയതായി കടയുടമ മനസ്സിലാക്കിയത്.
കടയിൽ നിന്നും ഡ്രിങ്ക്സ് എടുത്ത് കഴിച്ച് വളരെ ലാഘവത്തോടെയാണ് ഇയാൾ മോഷണം നടത്തുന്നത്. സിസിടിവി ക്യാമറയുടെ നേരെ മുന്നിൽ നിന്ന് പണവും സാധനങ്ങളും എടുത്തുകൊണ്ടുപോയി. കഴിഞ്ഞ മൂന്നുതവണയും വെന്റിലേറ്റർ ഇളക്കിയാണ് അകത്തു കയറിയിരുന്ന മനസ്സിലാക്കിയ കടയുടമ അത് ഭദ്രമായി അടച്ചിരുന്നു. പക്ഷേ ഇത്തവണ ഷീറ്റ് ഇളക്കി അകത്തുകയറിയാണ് കള്ളൻ അക്രമം കാണിച്ചിരിക്കുന്നത്. മുഖം വ്യക്തമായി കണ്ടിട്ടും ഒരേ മോഷണം പലതവണ നടന്നിട്ടും പ്രതിയെ പിടിക്കാൻ ആവാത്തത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.