ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് സംബന്ധിച്ച ആശങ്ക ജനങ്ങളില്‍ നിന്ന് പതിയെ ഇല്ലാതാകുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയ പാതകളില്‍ ഇവി ചാര്‍ജിംഗ് സൗകര്യങ്ങളോടുകൂടിയ 770 അമിനിറ്റി സെന്ററുകള്‍ ഉടൻ സ്ഥാപിക്കും. തുടക്കത്തില്‍ ഇവി ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടന്നാല്‍ തള്ളാന്‍ നിങ്ങള്‍ വരുമോ എന്നുവരെ ചോദിച്ച ആളുകളുണ്ട്.
ഇപ്പോഴുള്ള ഇവികള്‍ ഒറ്റചാര്‍ജില്‍ 250-300 കിലോമീറ്റര്‍ വരെ ഓടുന്നുണ്ട്. എന്നാൽ ഭാവിയില്‍ രാജ്യത്തെ നിരത്തുകള്‍ ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ കീഴടക്കും. നിരവധി വാഹന നിര്‍മാതാക്കള്‍ ഇത്തരം വാഹനങ്ങള്‍ വിപണിയിലിറക്കാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നിലേറെ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഇന്റേണല്‍ കമ്പഷന്‍ എഞ്ചിനുകളാണ് ഫ്‌ളക്‌സ് എഞ്ചിനുകള്‍ എന്നു പറയുന്നത്.
പെട്രോളിനൊപ്പം മെഥനോള്‍ അല്ലെങ്കില്‍ എഥനോള്‍ പോലുള്ള വസ്തുക്കള്‍ കൂട്ടിക്കലര്‍ത്തിയാണ് വാഹനത്തിനുള്ള ഫ്‌ളക്‌സിബിള്‍ ഇന്ധനം തയ്യാറാക്കുന്നത്. രാജ്യത്ത് മെഥനോള്‍ ട്രക്കുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. ഡീസലില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കുന്നത് സംബന്ധിച്ച നയരൂപീകരണത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ നിരത്തുകള്‍ ഭാവിയില്‍ കീഴടക്കുക ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കില്ലെന്നും എഥനോള്‍, മെഥനോള്‍, ഹരിത ഇന്ധനം എന്നിവയുള്‍പ്പെടുന്ന ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഒരു ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.