ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വീൽചെയർ ഉപയോഗിക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് തീരുമാനം. രാജ്യത്ത് ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പദ്ധതി റെയിൽവേ കൊണ്ടുവരുന്നത്. ഭിന്നശേഷിക്കാരുടെ യാത്രകൾ യാത്രകൾ സുഗമമാക്കാൻ പല പദ്ധതികളും ഇതിനുമുമ്പും തിരുവനന്തപുരം ഡിവിഷൻ കൊണ്ടുവന്നിരുന്നു. ഇത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഡിജിറ്റൽ രംഗത്തും പുത്തൻ മാറ്റങ്ങൾ വരുത്തുന്നത്.
രാജ്യത്ത് ആദ്യമായ് ട്രെയിൻ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുന്ന റാമ്പുകൾ അവതരിപ്പിച്ചത് തിരുവനന്തപുരം ഡിവിഷൻ ആയിരുന്നു. ട്രെയിൻ യാത്രയ്ക്കായി വീൽചെയറിൽ എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സ്റ്റേഷൻ അധികൃതരെ അറിയിക്കാൻ സാധിക്കുന്ന വിധമാണ് പുതിയ ആപ്പ്. ഇവർ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സ്റ്റേഷനുകളുടെ വിവരങ്ങൾ അധികൃതരെ മുൻകൂട്ടി അറിയിക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം.
ഹെൽപ് ലൈൻ മുഖേനയോ അല്ലെങ്കിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടുകയോ ആയിരുന്നു നിലവിൽ യാത്രക്കാർ ചെയ്തിരുന്നത്. എന്നാൽ, പുതിയ ആപ്പിന്റെ വരവോടെ ഇതിന് മാറ്റം സംഭവിക്കുന്നത്. കൂടാതെ ഈ ആപ്ലിക്കേഷനിൽ കൂടുതൽ ഫീച്ചറുകളും ഓപ്ഷനുകളും ഉൾപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം തന്നെ മൊബൈൽ ആപ്പ് പുറത്തിറക്കാൻ സാധിക്കുമെന്നും അതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നിങ്ങളറിഞ്ഞോ ട്രെയിൻടിക്കറ്റ് ബുക്കിംഗിലെ മാറ്റം
ന്യൂഡൽഹി: റെൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തത്കാൽ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ്ങിൽ ആണ് പുതിയ മാറ്റങ്ങൾ വരുന്നത്. ആധാർ ഒടിപി വെരിഫിക്കേഷൻ ആണ് ഓൺലൈൻ ബുക്കിങ്ങിന് നിർബന്ധമാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ 15 മുതലാണ് ഈ പുതിയ മാറ്റം നിലവിൽ വന്നത്. ഇതോടെ യാത്രക്കാർക്ക് മികച്ചതും സുതാര്യവുമായ സേവനം തത്കാൽ ടിക്കറ്റുകളിലൂടെ ലഭ്യമായി. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ സംരക്ഷിക്കാനും കൃത്യമായ പ്രയോജനം ലഭിക്കാനുമാണ് ഈ മാറ്റം കൊണ്ടുവന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
തത്കാൽ ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഒടിപി ചോദിക്കും. ഇത് ലഭിക്കണമെങ്കിൽ ഐആർസിടിസി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മുൻകൂട്ടി ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ രജിസ്റ്റർ ചെയ്യണം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഈ നമ്പറിലേക്കാണ് ഒടിപി വരിക. ഓൺലൈൻ ബുക്കിങ്ങിന് മാത്രമല്ല, കൗണ്ടറുകളിൽ നിന്ന് നേരിട്ടുള്ള ബുക്കിങ്ങിനും ഒടിപി സംവിധാനം ബാധകമാണ്. ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് തത്കാൽ ടിക്കറ്റുകൾ നൽകുക. രാവിലെ 10 മണിക്ക് എസി ക്ലാസ്സിലും 11 മണിക്ക് നോൺ എസിക്കും ടിക്കറ്റുകൾ ലഭിക്കും. അംഗീകൃത ഏജന്റുമാർക്കുള്ള ടിക്കറ്റ് ബുക്കിംഗ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
അതേസമയം, റിസർവേഷൻ ചാർട്ട് പരസ്യപ്പെടുത്തുന്നത് നേരത്തെ ആക്കാനും റെയിൽവേ ആലോചിക്കുന്നുണ്ട്. നിലവിൽ ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്. ഇത് എട്ടു മണിക്കൂർ മുൻപാക്കാനാണ് പുതിയ നീക്കം. ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫോം ആയില്ലെങ്കിൽ യാത്രക്കാർക്ക് മറ്റു വഴികൾ കണ്ടെത്താൻ ഇതുവഴി സാധിക്കും.
സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറന്റ് റിസർവേഷൻ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. നേരത്തെ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ ഇതിന് സൗകര്യമുണ്ടായിരുന്നില്ല.
സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നാണ് അറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം കൊണ്ടു വരുന്നത്. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ ട്രെയിനുകളിലും പുതിയ ടിക്കറ്റ് റിസർവേഷൻ സൗകര്യം നിലവിൽ വന്നു.
ENGLISH SUMMARY:
The Thiruvananthapuram Railway Division is reportedly set to become more accessible for differently-abled passengers.