തിരുവനന്തപുരം: മാർച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് കൊടും ചൂട്.
കഴിഞ്ഞ വർഷം ഈ സമയത്ത് 38-39 ഡിഗ്രി ചൂടായിരുന്നെങ്കിൽ ഇത്തവണ 39.4 ഡിഗ്രിയിലെത്തി.
കണ്ണൂർ വിമാനത്താവളത്തിൽ 40 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്.വരും ദിവസങ്ങളിൽ താപനില കൂടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രഖ്യാപനം.
മാർച്ച് തുടങ്ങിയതു മുതൽ പുനലൂരിൽ 37 മുതൽ 39 ഡിഗ്രി വരെയാണ് ചൂട്. ഇതു വരെ 37 ഡിഗ്രിയിൽ നിന്ന് താഴ്ന്നിട്ടില്ല. പാലക്കാടിന്റെ സ്ഥിതിയും മറിച്ചല്ല.
ഇതിനു ആനുപാതികമാണ് മറ്റു ജില്ലകളുടെ അവസ്ഥയും. മാർച്ചിൽ സാധാരണ 36 മുതൽ 37 ഡിഗ്രിവരെ താപനിലയാണ് അനുഭവപ്പെടാറുള്ളത്.
അടുത്ത ആഴ്ച കിഴക്കൻ കാറ്റ് സജീവമാവുന്നതിനാൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 30 ശതമാനം അധിക മഴ ലഭിച്ചത് ആശ്വാസമായി.
അൾട്രാവയലെറ്റ് കിരണസൂചികയും വർദ്ധിച്ചു വരികയാണ്. മേഘപടലങ്ങളുടെ അഭാവത്തിൽസൂര്യനിൽനിന്ന് നേരിട്ട്അൾട്രാവയലെറ്റ് രശ്മികൾ പതിക്കുന്നതും കൂടുന്നുണ്ട്.
അൾട്രാവയലെറ്റ് സൂചിക പ്രകാരം ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.കൊല്ലം (10), ഇടുക്കി (10),പത്തനംതിട്ട (9),ആലപ്പുഴ(9),കോട്ടയം (9),പാലക്കാട് (8) എന്നിങ്ങനെയാണ് സൂചിക രേഖപ്പെടുത്തിയത്.
ത്വക്ക് രോഗങ്ങൾ ഉൾപ്പെടെള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.