എപ്പോൾ വേണമെങ്കിലും ആകാശത്ത് നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കാൻ സാധ്യത. അത്ഭുത പ്രതിഭാസമായി വരുന്നു നോവ സ്ഫോടനം. ആകാശത്തെ ഈ അത്ഭുത പ്രതിഭാസത്തെ ഏറെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം ഉറ്റു നോക്കുന്നത്. ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് ഈ വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ ആ പൊട്ടിത്തെറി സംഭവിക്കും. എന്തായാലും ഈ സെപ്റ്റംബറിനുള്ളിൽ അത് സംഭവിക്കും എന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഈ പ്രതിഭാസം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ ആകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. കേരളത്തിൽ നിന്നും നോക്കിയാൽ ഈ പൊട്ടിത്തെറി നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും. നോവ പൊട്ടിത്തെറി നടക്കുമ്പോൾ പുതിയൊരു നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടുകയാണ് ചെയ്യുക. അതിനാൽ ഒരാഴ്ചയോളം പുതിയൊരു നക്ഷത്രത്തിന്റെ രൂപത്തിലും ഭാവത്തിലും ആകാശത്തെ ഈ പൊട്ടിത്തെറി നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കാൻ ആവും. കേരളത്തിൽ നിന്നും നോക്കുമ്പോൾ വടക്കു ദിശയിലാണ് കൊറോണ ബോറിയാലിസ് എന്ന നക്ഷത്ര സമൂഹം സ്ഥിതി ചെയ്യുന്നത്. നൈറ്റ് സ്കൈ ആപ്പുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഇതിന്റെ സ്ഥാനം കണ്ടെത്താം.
എന്താണ് നോവ പ്രതിഭാസം?
ആകാശത്ത് നമ്മൾ കാണുന്ന നക്ഷത്രങ്ങൾക്ക് പലതിനും പല ആയുസ്സാണ്. ചിലത് ചിലപ്പോൾ പൂർണമായി നശിച്ചവയാവാം. എന്നാൽ ആകാശത്ത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന മറ്റു ചില നക്ഷത്രങ്ങൾ ഉണ്ട്. ഏതാനും ദിവസങ്ങൾ തിളങ്ങി നിന്നശേഷം അവ സാധാരണ നിലയിലേക്ക് തിരിച്ചു വരികയും ചെയ്യും. ഇത്തരം നക്ഷത്രങ്ങളെയാണ് നോവ എന്ന് വിശേഷിപ്പിക്കുന്നത്. 3000 പ്രകാശവർഷം അകലെയുള്ള ടി കൊറോണ ബോറിയാലിസ് എന്ന നക്ഷത്ര സമൂഹത്തിലെ ഇരട്ട നക്ഷത്രങ്ങളിലാണ് സ്ഫോടനം നടക്കുന്നത്. നമ്മുടെ സൂര്യനൊപ്പം വലിപ്പമുള്ള രണ്ട് നക്ഷത്രങ്ങൾ ഇരട്ടയായി നിലനിൽക്കുന്ന അവസ്ഥയുണ്ട്. പരസ്പരം ഗുരുത്വ ബലത്താൽ ആകർഷിക്കപ്പെട്ട ഒന്നിച്ച് ഭ്രമണം ചെയ്യുകയാണ് ഈ നക്ഷത്രങ്ങൾ.
ഇവയിൽ ഒരെണ്ണം ഭൂമിയുടെ അത്ര വലിപ്പമുള്ള വെള്ളക്കുള്ളനാണ്. മറ്റൊന്ന് സൂര്യനൊപ്പം വലുപ്പമുള്ള ചുവപ്പ് ഭീമനും. ഈ ചുവപ്പ് ഭീമന്റെ പുറത്തെ പാളി വെള്ളക്കുള്ള നക്ഷത്രത്തിന്റെ ഏറ്റവും അരികിലെത്തുമ്പോൾ ചുവപ്പ് ഭീമന്റെ പുറം പാളിയിലുള്ള ഹൈഡ്രജൻ അടക്കമുള്ള പദാർത്ഥങ്ങളെ വെള്ളക്കുള്ളൻ വലിച്ചെടുക്കുന്നു. ഇങ്ങനെ വലിച്ചെടുക്കുന്ന ഹൈഡ്രജൻ വെള്ളക്കുള്ളൻ നക്ഷത്രത്തിന് ചുറ്റും മറ്റൊരു അന്തരീക്ഷം ഉണ്ടാക്കുകയും ഇത് പിന്നീട് ചൂടുപിടിക്കുന്നതോടെ ഹൈഡ്രജൻ ഫ്യൂഷൻ സംഭവിക്കുകയും വലിയ പൊട്ടിത്തെറിയിൽ കലാശിക്കുകയും ചെയ്യും. ഇതാണ് നമുക്ക് കാണാൻ ആവുക. എന്നാൽ ഈ പൊട്ടിത്തെറിയിൽ നക്ഷത്രങ്ങൾക്ക് ഒന്നും സംഭവിക്കുന്നില്ല പകരം ഹൈഡ്രജന്റെ ആ അന്തരീക്ഷം മാത്രമാണ് പൊട്ടിത്തെറിക്കുന്നത്. വീണ്ടും കുറെ കാലം കഴിയുമ്പോൾ വെള്ളക്കുള്ളൻ നക്ഷത്രം ഈ പ്രക്രിയ തുടർന്ന് കൃത്യമായ ഇടവേളകളിൽ പൊട്ടിത്തെറി ഉണ്ടായിക്കൊണ്ടിരിക്കും. സാധാരണ 80 വർഷമാണ് രണ്ടു പൊട്ടിത്തെറികൾക്കിടയിലുള്ള കാലാവധി.