കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സൂചന. തലശ്ശേരി സ്വദേശി അവിനാഷിന്റെ അസ്ഥികൂടമാണിതെന്നാണ് സൂചന. ഇയാളുടെ പേരിലുള്ള ഡ്രൈവിങ് ലൈസൻസ് ടാങ്കിനുള്ളിൽ നിന്നും ലഭിച്ചു. ബുധനാഴ്ച കാര്യവട്ടം ക്യാമ്പസിനുള്ളിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഇത് വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കാണ്. വാട്ടർ ടാങ്കിന്റെ മാൻഹോൾ വഴിയാണ് 15 അടി താഴ്ചയിലുണ്ടായിരുന്ന അസ്ഥികൂടം കിടക്കുന്നത് കണ്ടത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു. 20 അടി താഴ്ചയിലാണ് അസ്ഥികൂടം കിടന്നിരുന്നത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അഗ്നിരക്ഷാസേന ഇന്നലെ തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. 20 അടിതാഴ്ചയുള്ള ടാങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാൽ തന്നെ ഇതിനുള്ള മുൻകരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.