തലസ്ഥാനത്ത് രണ്ട് പണക്കാരോട് ഏറ്റുമുട്ടുമ്പോൾ പണമില്ലാ പ്രതിസന്ധിക്കിടെ പ്രചരണം മുന്നോട്ട് കൊണ്ട് പോകാൻ സഹായം അഭ്യർത്ഥിക്കുകയാണ് പന്ന്യൻ രവീന്ദ്രൻ. വാട്സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ നീക്കം. മറ്റ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സ്ഥാനാർത്ഥി പറയുന്നത്.
തലസ്ഥാനത്തെ അങ്കം നിസ്സാരമല്ല. കേരളത്തിലെ രണ്ടു പണക്കാർ തമ്മിലുള്ള അങ്കത്തിൽ പന്ന്യൻ എങ്ങനെ വന്നു പെട്ടു എന്ന് മനസിലാകുന്നില്ല. സിപിഐയുടെ സീറ്റല്ലായിരുന്നു എങ്കിൽ സിപിഎം ഏതെങ്കിലും പണച്ചാക്കിനെ കെട്ടിയിറക്കേണ്ടതായിരുന്നു. ശശി തരൂർ എന്ന ലോകോത്തര നേതാവും രാജീവ് ചന്ദ്രശേഖർ എന്ന ബെംഗളുരിയാൻ മലയാളിയും നേർക്കുനേരാണ് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്.
കെൽട്രോൺ നമ്പ്യാരുടെ മരുമകനായ രാജീവ് പണ്ട് ബിപിഎൽ തുടങ്ങിയ സമയത്ത് ഗുരുവായൂർ ദർശനത്തിന് വരുന്നത് ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പ്രത്യേക വിമാനത്തിൽ ആയിരുന്നു. ഒരേ സമയം ബിഎംഡബ്ള്യു സെവൻ സീരീസ് കാറ് ബംഗളുരുവിൽ നിന്നും കോഴിക്കോട്ട് എയർപോർട്ടിലേക്ക് ഡ്രൈവർ ഓടിച്ചു കൊണ്ടുവരും. അതുപോലെ തിരിച്ചും.
അക്കാലത്താണ് നഷ്ടത്തിലായിരുന്ന ബിപിഎലിനെ ഹാച്ച് എന്ന കമ്പനിക്ക് വൻ വിലക്ക് വിൽക്കുകയും ആ ലാഭത്തിൽ കോവളം അശോകയും ഏഷ്യാനെറ്റും ഒക്കെ കൈക്കലാക്കുകയും ചെയ്തത്.
പാലക്കാട്ടെ കുഗ്രാമമായ തരൂരിൽ ജനനം. ‘റീഡേഴ്സ് ഡൈജസ്റ്റ് ‘ മാഗസിന്റെ ഫൗണ്ടറായ ചിപ്പുക്കുട്ടി നായരുടെ പേരക്കുട്ടി. ലണ്ടനിൽ ‘ ദി സ്റ്റേറ്റ് മാൻ’ എന്ന മാഗസിന്റെ മാനേജരായിരുന്ന ചന്ദ്രൻ നായരുടെ മകൻ ലണ്ടനിൽ ജനിക്കുകയും പിന്നീട് യേർക്കാടിലെ പ്രശസ്തമായ മോണ്ട് ഫോർട്ട് സ്‌കൂളിലും മുംബയിലെ ചാമ്പ്യൻ സ്‌കൂളിലും ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിലും അമേരിക്കയിലെ ട്യുഫിട്സ് യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം.
അതുകഴിഞ്ഞു ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് അഫേർസിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത് ലോകം മുഴുവൻ യുഎന്നിനുവേണ്ടി കറങ്ങി അവസാനം സ്വന്തം നാടിനെ സേവിക്കാനായി ഇറങ്ങിത്തിരിച്ച ലോകോത്തര മലയാളിയായ തരൂർ അദ്ദേഹത്തിന്റെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
കമ്മ്യുണിസ്റ്റുകളുടെ തറവാടായ കണ്ണൂർ ജില്ലയിൽ ജനിച്ചു പാർട്ടിയുടെ സമുന്നത സ്ഥാനത്ത് ഇരുന്ന്, നാലുകൊല്ലം തലസ്ഥാനത്തെ എംപി ആകുകയും ചെയ്ത പന്ന്യന് ആകെ കൈമുതലായുള്ളത് ആ നീണ്ട മുടിയും സൗമ്യതയും മാത്രമാണ്.
2011 ഇൽ സാക്ഷാൽ വിഡി സതീശനെ തോൽപ്പിക്കുവാൻ പാർട്ടി അദ്ദേഹത്തെ പറവൂരിലേക്ക് നിയോഗിക്കുകയും സതീശനോട് മുട്ടുകുത്തുകയും ചെയ്തു. അന്നും സതീശൻ ഭൂരിപക്ഷം കൂട്ടി. ഇന്നിപ്പോൾ തലസ്ഥാനം പിടിക്കുവാൻ പാർട്ടി ഏൽപ്പിച്ച ദൗത്യം അദ്ദേഹം വളരെ ഭംഗിയായി നിറവേറ്റുന്നുമുണ്ട്.
ഒരു രാജ്യ തലസ്ഥാനത്തും സംസ്ഥാനത്തിന്റെ തലസ്ഥാനത്തും ജീവിക്കുന്നവരുടെ ജീവിത രീതികൾ മറ്റുള്ള സിറ്റികളെ അപേക്ഷിച്ചു നോക്കിയാൽ വളരെ വ്യത്യസമുള്ള ശൈലികൾ ആയിരിക്കും. കൂടുതലും സർക്കാർ ജോലിക്കാരും ഓഫീസർമാരും തിങ്ങിനിറഞ്ഞ ഒരു സമൂഹമായിരിക്കും അവിടെ.
ജനങ്ങൾ പലരും പല ഭാഷക്കാരും പല സംസ്ഥാനത്തുനിന്നുള്ളവരും പല ജില്ലക്കാരും വ്യത്യസ്തതയുള്ളവരും ആയിരിക്കും. അവരെ പ്രീതിപ്പെടുത്തുവാൻ ഒരു സാധാരണ രാഷ്ട്രീയക്കാരനെ കൊണ്ടോ നേതാവിനെ കൊണ്ടോ സാധിക്കുക എളുപ്പമല്ല. അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരായതുകൊണ്ട് ഈഗോ ധാരാളമായിരിക്കും. അവരുടെ വോട്ടുകൾ ലഭിക്കുക കഠിനാധ്വാനമാണ്.
ശശി തരൂർ തോൽക്കുമായിരുന്നുവെങ്കിൽ അന്ന് 2014 -ൽ തോൽക്കണമായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യതയിലും പാർട്ടിയിലും ഒക്കെ ഏറ്റവും മോശം സമയമായിട്ടുപോലും നേരിയ മാർജിനിൽ അദ്ദേഹം ജയിച്ചത് അദ്ദേഹത്തിന്റെ മാത്രം കഴിവായിട്ടാണ് നാം കണക്കാക്കുന്നത്.
ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പായിരുന്നു തലസ്ഥാനത്തേത്. പിന്നീട് 2019 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ സ്വീകാര്യത പത്തിരട്ടിയാക്കി മാറ്റുവാൻ അദ്ദേഹത്തിന് സാധിച്ചെങ്കിൽ അതാണ് വ്യക്തി പ്രഭാവം. കേരളത്തിലെ ഒന്നാം നമ്പർ മീഡിയ കയ്യിൽ വെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തരൂരിനെ നേരിടുന്നത്. കാത്തിരുന്നു കാണാം !!!