തിരുവനന്തപുരം: കെഎസ്ആർടിസി നിരത്തിലിറക്കുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ പരീക്ഷണ ഓട്ടം തുടങ്ങി. മന്ത്രി കെബി ഗണേഷ്കുമാര്‍ തന്നെ ആണ് വണ്ടി ഓടിച്ചത്. സെക്രട്ടറിയേറ്റ് പരിസരത്തുനിന്ന് തമ്പാനൂര്‍ വരെ ആയിരുന്നു ട്രയൽ എടുത്തത്. പുഷ്ബാക്ക് സീറ്റും എസിയും തന്നെയാണ് പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ ഹൈലൈറ്റ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയാണ് സര്‍വീസ്. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകൾ പ്രധാന ഡിപ്പോകളിൽ മാത്രമേ കയറൂ. 10 രൂപ അധികം നൽകി ബുക്ക് ചെയ്യുന്നവർക്ക് സ്റ്റോപ്പില്ലാത്തിടത്തു നിന്നും കയറാം. എവിടെ നിന്നാണു കയറുന്നതെന്ന ഗൂഗിൾ മാപ്പ് ലൊക്കേഷൻ ബുക്കിങ് സമയത്തു തന്നെ നൽകണം. ആദ്യഘട്ടത്തില്‍ കൊച്ചിവരെയാണ് സർവീസ്. വണ്ടി കണ്ടീഷനാണെന്ന് ട്രയല്‍ റണ്ണിന് ശേഷം മന്ത്രി പറഞ്ഞു.