തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കേ സ്കൂൾ പിടിഎയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാൻ.
പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
പി ടി എ അംഗത്വം എല്ലാ രക്ഷിതാക്കളും നിർബന്ധമായും എടുക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പി ടി എ ഫണ്ടിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് അനുവദിക്കുന്നതല്ല ,സ്മാർട്ട് ക്ലാസുകൾ സജീവമാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്. പി ടി എ ഫണ്ട് പി ടി എ അക്കൗണ്ടിൽ സമാഹരിക്കണം. സ്കൂളിന്റെ വികസനത്തിനായി ലഭിക്കുന്ന സഹായങ്ങൾ സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പുതിയ പദ്ധതികൾ ഉൾപ്പെടുത്തി കായിക തൊഴിൽ പരിശീലന രീതികൾ അധ്യാപകർക്ക് നൽകുമെന്നും പോക്സോ നിയമങ്ങളെ സംബന്ധിച്ച് കുട്ടികൾക്കും അധ്യാപർക്കും അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് ക്ലാസ്സുകളുടെ പ്രവർത്തനം സജീവമാക്കും.
അനുവാദമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പല എൻട്രൻസ് കോച്ചിങ് സെന്ററുകളും അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിശോധിക്കും. അൺ എയ്‌ഡഡ് സ്കൂളുകൾ ടിസി നൽകാത്തതായും പരാതികളുണ്ട്.അമിതമായ ഫീസ് മൂലം രക്ഷിതാക്കൾക്ക് ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയാണ് ഇതിന് കാരണം. കുട്ടികളെ ടിസി ഇല്ലാതെ തന്നെ സർക്കാർ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാം. ഇതിന് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. മൂല്യനിർണയ പരിഷ്കരണം നടന്നിട്ട് 20 വർഷം കഴിഞ്ഞു. ഈ 20 വർഷത്തെ അനുഭവം ഉൾക്കൊണ്ടു തന്നെ മൂല്യനിർണയ പരിഷ്കരണം ആവശ്യമാണ് എന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ പ്രവേശനോത്സവം നടക്കുന്ന ഏക സംസ്ഥാനം കേരളമാണ് .സംസ്ഥാനത്ത് പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ നേരത്തേ തന്നെ ആരംഭിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തങ്ങൾ പൂർത്തിയായിട്ടുണ്ട്. പാഠ പുസ്തകങ്ങൾ ഒരു മാസം മുന്നേ തന്നെ സ്‌കൂളുകളിലെത്തി. .ഇത് ചരിത്രമാണ്.
നാളെ രാവിലെ 8.45 ന് എറണാകുളം എളമക്കര സ്‌കൂളിൽ പ്രവേശനോത്സവം ആരംഭിക്കും മന്ത്രി വി. ശിവൻകുട്ടി,മന്ത്രി പി. രാജീവ് എന്നിവർ മധുരം നൽകി കുട്ടികളെ സ്വീകരിക്കും. 9.15 മുതൽ മുഖ്യമന്ത്രി നേരിട്ടെത്തി കുട്ടികളെ ആശംസകൾ അറിയിക്കും.പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ ആശംസകൾ അറിയിക്കും10.30 ന് പ്രവേശനോത്സവം അവസാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി .