കരുമാല്ലൂർ: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോളജ് ജപ്തി ചെയ്യാനെത്തിയ സ്വകാര്യ ബാങ്ക് അധികൃതർ വിദ്യാർഥി പ്രതിഷേധം ഭയന്ന് നടപടികളിൽ നിന്നും പിൻമാറി. മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളജ് ജപ്തി ചെയ്യാനുള്ള നീക്കത്തിൽ നിന്നാണ് സ്വകാര്യ ബാങ്ക് അധികൃതർ താൽക്കാലികമായി പിൻമാറിയത്.
കോളജിൻറെ രണ്ട് പ്രധാന കവാടത്തിലുമുണ്ടായിരുന്ന സുരക്ഷ ജീവനക്കാരെ ഒഴിവാക്കി പൊലീസ് ഗേറ്റടച്ച് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കോളജ് പൂട്ടിയാൽ നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിലാകുമെന്ന ആശങ്കയിൽ രക്ഷിതാക്കളും കോളജിന് മുന്നിലേക്ക് എത്തി.
എന്നാൽ പൊലീസ് ആരെയും അകത്ത് പ്രവേശിപ്പിച്ചില്ല. ഇതോടെ, ഗേറ്റിൽ തടിച്ചുകൂടിയ രക്ഷിതാക്കളും വിദ്യാർഥികളും പ്രതിഷേധം തുടങ്ങി. തുടർന്ന് 11 മണിയോടെ കോളജ് അധികൃതർ ഒരു കോടി രൂപ അടക്കാൻ തയ്യാറാതോടെ തൽക്കാലം ജപ്തി നടപടി നിർത്തി.
എന്നാൽ, ഒരു കോടി രൂപക്കുള്ള ചെക്ക് കൈപ്പറ്റാൻ ബാങ്ക് അധികൃതർ തയ്യാറാകാതെ വന്നത് വീണ്ടും പ്രതിസന്ധിയായി. കോളജ് അധികൃതർ തുക കൊട്ടക്ക് മഹീന്ദ്ര ബാങ്കിൽ അടച്ച് രസീത് ഹാജരാക്കിയ ശേഷമാണ് ജപ്തിയിൽ ഇളവ് അനുവദിച്ചത്.
വായ്പ തിരിച്ചടക്കുന്നതിൽ മുൻ ഭരണസമിതി വീഴ്ച വരുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കോളജ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ബാധ്യത തീർക്കുമെന്നും വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
ആറു വർഷം മുമ്പുണ്ടായിരുന്ന കോളജ് ഭരണ സമിതിയാണ് ബാങ്കിൻറെ എറണാകുളം ശാഖയിൽ നിന്ന് ആറു കോടി വായ്പ എടുത്തത്. ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ മുതലും പലിശയും ചേർന്ന് 19 കോടിയായി മാറുകയായിരുന്നു.
ഒക്ടോബർ 15ന് ബാങ്ക് ജപ്തി നടപടിയുമായെത്തിയപ്പോൾ മാനേജ്മെൻറ് ഒരു മാസത്തെ സാവകാശം ചോദിച്ചിരുന്നു. കൂടാതെ ഒരു കോടിക്കുള്ള ചെക്കും നൽകിയതോടെ ജപ്തി നടപടികളിൽ നിന്ന് തൽക്കാലം ഒഴിവായി. പക്ഷെ കാലാവധി അവസാനിക്കുകയും കോളജ് മാനേജ്മെൻറ് നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങുകയും ചെയ്തതോടെയാണ് വ്യാഴാഴ്ച ബാങ്ക് അധികൃതർ പൊലീസ് സന്നാഹത്തോടെ വീണ്ടും ജപ്തി നടപടിയുമായെത്തിയത്.