ചെല്ലാനം: കടലമ്മ കനിഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണത്തിൽ നട്ടംതിരിയുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. നാട്ടിൽ മത്സ്യത്തിന് ഇപ്പോഴും തീപിടിച്ച വിലയാണെങ്കിലും അതിന്റെ ഗുണം കടലിൽ പോയി മീൻപിടിത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.The price of fish is still high in the State
ജീവൻ പണയംവെച്ചും കടലിൽ പോയി പിടിച്ച് കരയ്ക്കെത്തിക്കുന്ന മീനിന് ന്യായമായ വില ലഭിക്കാറില്ല. പണമുണ്ടാക്കുന്നത് മുഴുവൻ ഇടനിലക്കരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇടനിലക്കാരും കച്ചവടക്കാരും ഹാർബറിൽ നിന്നും തുച്ഛമായ വിലക്ക് വാങ്ങുന്ന മീൻ വിപണിയിലും ഹോട്ടലുകളിലും എത്തുമ്പോഴേക്കും വിലപിടിപ്പുള്ള വസ്തുവായി മാറും.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലമാണ് മൺസൂൺ സീസൺ. മഴ തുടങ്ങുമ്പോൾ കടലിൽ മീൻ നിറയുമെന്നാണ് കാലങ്ങളായി മത്സ്യത്തൊഴിലാളികളുടെ വിശ്വാസം.
മിക്ക വർഷങ്ങളിലും മഴക്കാലത്ത് കടലമ്മ ഇവർക്ക് വാരിക്കോരി മീൻ നൽകാറുമുണ്ട്. പക്ഷേ, ഇക്കുറി മഴക്കാലം ആരംഭിച്ചു ഒരു മാസം പിന്നിട്ടപ്പോഴാണ് ഇവർക്കു ചെറിയ തോതിൽ മത്സ്യം ലഭിച്ചു തുടങ്ങിയത്.
പക്ഷേ, ആ മീനിന് ഇവർക്ക് ലഭിക്കുന്ന വിലയാവട്ടെ വളരെ തുച്ഛവും. കഴിഞ്ഞ കുറച്ചു ദിവസമായി ചെല്ലാനം ഹാർബറിലെ തൊഴിലാളികൾക്ക് മോശമില്ലാത്ത രീതിയിൽ നത്തോലി ലഭിക്കുന്നുണ്ട്. രാവിലെ 30 രൂപയ്ക്കാണ് ഒരു കിലോഗ്രാം നത്തോലി ഹാർബറിൽ നിന്ന് വിറ്റുപോയത്.
ഉച്ചയായപ്പോൾ വില 10 രൂപയായി ഇടിഞ്ഞു.ഇതേ നത്തോലി പശ്ചിമ കൊച്ചിയിലെ മാർക്കറ്റുകളിലും തട്ടുകളിലും എത്തുമ്പോൾ 150 മുതൽ 200 രൂപ വരെ നൽകണം. ട്രോളിങ് നിരോധനം ഉള്ളതിനാൽ ചെല്ലാനം ഹാർബറിലെ മീനുകൾക്ക് പൊതുവിപണിയിൽ ഡിമാന്റുണ്ട്.
ഇടനിലക്കാരും കച്ചവടക്കാരും ചേർന്ന് കുറഞ്ഞ വിലയ്ക്ക് മീനെടുത്ത ശേഷം ഉയർന്ന വിലയ്ക്ക് പൊതുവിപണിയിൽ വിൽക്കുന്നു. മത്സ്യത്തൊഴിലാളികളെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നു. ഇത് തടയാൻ ഫിഷറീസ് വകുപ്പ് ഇടപെടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
ഒരു വള്ളത്തിനു ഒരു ദിവസം കടലിൽ പോകണമെങ്കിൽ ഇന്ധനമായി 130 ലീറ്റർ മണ്ണെണ്ണ വേണം. സർക്കാർ ഒരു മാസത്തേക്ക് സബ്‌സിഡി നിരക്കിൽ ഇവർക്ക് നൽകുന്നത് 40 ലീറ്റർ മണ്ണെണ്ണ മാത്രമാണ്.
ഇതൊരു വട്ടം കടലിൽ പോകാൻ പോലും തികയില്ല. ഇന്ധനം ലഭിക്കാൻ മറ്റു മാർഗങ്ങളും ഇവർക്കില്ല. മണ്ണെണ്ണയ്ക്കായി ഇവർ കരിഞ്ചന്തയെ ആശ്രയിക്കുന്നു. ഒരു ലീറ്റർ മണ്ണെണ്ണയ്ക്ക് കരിഞ്ചന്തയിൽ വില 120 രൂപയാണ്.
ഈ തുക നൽകി മണ്ണെണ്ണ വാങ്ങി കടലിൽ പോയാലും മത്സ്യത്തിന് ന്യായവില ലഭിക്കാത്തതു തൊഴിലാളികൾക്ക് നഷ്ടമുണ്ടാക്കുന്നു. ചെല്ലാനം ഹാർബറിൽ സർക്കാരിന്റെ നേതൃത്വത്തിൽ ന്യായമായ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കുന്ന ബങ്ക് സ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.