ഇടുക്കി ജില്ലയിൽ നടന്ന സങ്കീർണമായ കുറ്റകൃത്യങ്ങൾ തെളിയിക്കുകയും കുറ്റകൃത്യങ്ങൾക്ക് ശേഷം സംസ്ഥാനം വിട്ട പ്രതികളെ സംസ്ഥാനത്തിന് പുറത്ത് വേഷംമാറിച്ചെന്ന് പിടികൂടുകയും ചെയ്ത എസ്.ഐ. സജിമോൻ ജോസഫ് 31 വർഷത്തെ സർവീസിന് ശേഷം വി.ആർ.എസ്. എടുത്ത് സ്വയം വിരമിച്ചു. നിലവിൽ കമ്പംമെട്ട് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായ സജിമോൻ ജോസഫ് 1993 ലാണ് സി.പി.ഒ. ആയി കേരളാ പോലീസിന്റെ ഭാഗമാകുന്നത്. 2014ൽ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി. 2018ൽ ബാഡ്ജ് ഓഫ് ഓണർ. 150 ഗുഡ് സർവീസ് എൻട്രികളും നേടിയിട്ടുണ്ട്.
ലോക്കൽ സ്റ്റേഷനുകളിലെ സേവനങ്ങളുടെ തുടക്കത്തിൽ തന്നെ മോഷണക്കേസുകളിൽ അന്വേഷണം നടത്തി കഴിവു തെളിയിച്ചു. 2004 ൽ സർക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സർക്കിൾ സോമരാജനെ കേരളാ പോലീസ് എത്ര ശ്രമിച്ചിട്ടും പിടികിട്ടിയിരുന്നില്ല. സോമരാജനെ പിടികൂടിയ സംഘത്തിന് നേതൃത്വം കൊടുത്തതോടെ സേനയ്ക്കുള്ളിലും പുറത്തും അറിയപ്പെട്ടുതുടങ്ങി. സജിമോൻ ജോസഫ് കള്ളനായി വേഷം മാറി കൂടെയൊരു കള്ളനെയും കൂട്ടി തമിഴ്നാട്ടിലെ ഉത്തമപാളയത്തിലെത്തി സർക്കിൾ സോമരാജനെ പിടിച്ചുകെട്ടി കേരളത്തിലെത്തിക്കുകയായിരുന്നു.
അമ്പലങ്ങളിലെ വിഗ്രഹങ്ങൾ മോഷ്ടിക്കുന്ന ചിറക്കടവ് മോഹനനെ തൊഴിലാളിയുടെ വേഷത്തിൽ പോയി കമ്പത്തു നിന്നും പിടികൂടി. 2010 ൽ വണ്ടിപ്പെരിയാറിൽ മോഷണ പരമ്പര നടന്നു അന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ കേസുകൾ തെളിയിക്കുന്നത് അപൂർവവും ശ്രമകരവുമായിരുന്നു. സജിമോന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ ഫോൺ കോളുകൾ പിന്തുടർന്ന് കമ്പത്ത് പ്രതികളുടെ വീടുകളിലെത്തിയെങ്കിലും പ്രതികൾ സ്ഥലം വിട്ടിരുന്നു. തുടർന്ന് വീട് നിർമാണത്തിന് സഹായം നൽകുന്ന കേന്ദ്ര സർക്കാർ സംഘമെന്ന വ്യാജേന വീട്ടുകാരെ ബന്ധപ്പെട്ടു. വീടു നിർമാണത്തിന് സഹായം നൽകാമെന്ന വാഗ്ദാനം നൽകി. തുടർന്ന് വീട്ടുകാരെ ഉപയോഗിച്ച് പണം നൽകാനെന്ന പേരിൽ പ്രതികളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഇതേ പ്രതികൾ വണ്ടിപ്പെരിയാർ കൊശമറ്റം ബാങ്കിൽ മോഷണം നടത്തിയതും കണ്ടെത്തി.
ചോക്ലേറ്റ് നൽകി കൊലപാതകം തെളിയിച്ചു.
2011ൽ ശാസ്താനട മേപ്പാറയിൽ മൂന്നര വയസുള്ള പെൺകുട്ടിയെ കൊന്ന് മരപ്പൊത്തിൽ ഒളിപ്പിച്ച കേസിൽ പോലീസ് എത്ര ശ്രമിച്ചിട്ടും കേസ് തെളിയിക്കാൻ പറ്റിയില്ല. തുടർന്ന് സ്ഥലത്തെത്തിയ സജിമോൻ പ്രദേശവാസികളുമായി അടുത്തു. പ്രദേശത്തെ ആറു വയസുള്ള പയ്യന് ചോക്ലേറ്റ് വാങ്ങിക്കൊടുത്ത് അടുപ്പം സ്ഥാപിച്ചതോടെ പ്രദേശവാസിയായ 12 കാരൻ നടത്തിയ കൊലപാതക വിവരം തെളിഞ്ഞു. സംഭവത്തിൽ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.
പള്ളീലച്ചനായും അഡ്വക്കേറ്റായും പ്രതിയെപ്പിടിച്ചു.
വണ്ടൻമേട്ടിൽ പതിനാറുകാരിയെ സഹോദരിയുടെ ഭർത്താവ് കടത്തികൊണ്ട് പോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വൈദികന്റെ വേഷമണിഞ്ഞായിരുന്നു സജിമോൻ പ്രതിയെ പിടികൂടിയത്.
2017 ൽ വെള്ളയാംകുടിയിലെ സുമതി വധക്കേസിൽ പ്രതികൾ അഡ്വക്കേറ്റിന്റെ സഹായം തേടിയെന്ന് പോലീസ് അറിഞ്ഞു. ഇതോടെ പ്രതികളെ പിടിയ്ക്കാനായി അഡ്വക്കേറ്റിന്റെ വേഷത്തിൽ തമിഴ്നാട്ടിലെത്തി . വക്കിലാണെന്ന തോന്നലിൽ അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ അഡ്മിറ്റായ പ്രതി പുറത്തിറങ്ങിയതും പോലീസ് അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ചു.രണ്ടു വർഷത്തെ സർവീസ്‌കൂടി ബാക്കിയിരിക്കേ ആരോഗ്യ പ്രശ്നങ്ങൾമൂലമാണ് വി.ആർ.എസ്. എടുക്കുന്നത്.