എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മലയാളത്തിൽ നിന്നും നിരവധി അവാർഡുകളാണ് വാരിക്കൂട്ടിയത്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ‘ആട്ടം’ എന്ന സിനിമയെ കുറിച്ചാണ്. മലയാളത്തിന്റെ അഭിമാനമായി മാറുകയായിരുന്നു ആട്ടം.The Malayalam film that filled the stage of the National Film Awards
മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിന് പുറമേ രണ്ടു പുരസ്കാരങ്ങൾ കൂടി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടിയിട്ടുണ്ട്. ശക്തമായ ഒരു രാഷ്ട്രീയം മുന്നോട്ട് വച്ച സിനിമ കൂടിയാണ് ‘ആട്ടം’.
നാടക പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ ബോക്സ് ഓഫീസിനേക്കാൾ വിജയം നേടിയത് ഒടിടി റിലീസിന് ശേഷമായിരുന്നു. നിരവധി പേരാണ് വളരെ നല്ല നിരൂപണങ്ങളുമായി മുന്നിലേക്ക് വന്നത്. 2022 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആട്ടം.
ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദ് മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ആട്ടത്തിനാണ്. സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയ്ക്ക് തന്നെയാണ് മികച്ച തിരക്കഥയ്ക്കുള്ള പുര്‌സകാരം ലഭിച്ചിരിക്കുന്നത്.
മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ആട്ടം സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പുരസ്‌കാരമൊന്നും നേടാന്‍ സാധിക്കാതെ പോയ സിനിമ കൂടിയാണ് ആട്ടം.
വളരെ ശക്തമായ മത്സരം നടന്നൊരു പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. കാന്താരയടക്കമുള്ള വലിയ സിനിമകളുമായി മത്സരിച്ചാണ് ആട്ടം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ സിനിമ എന്ന നിലയില്‍ കൂടി വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ആട്ടത്തിന്റെ വിജയത്തിന് പ്രാധാന്യമുണ്ട്.
ഒരു നാടക സംഘത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാടകം വൻ വിജയമായതിനെ തുടര്‍ന്ന് ആഘോഷം നടക്കുന്നതിനിടയിലുണ്ടായ അനിഷ്‍ട സംഭവവും പിന്നീട് നടക്കുന്ന ചര്‍ച്ചയും നിലപാടുകളുമാണ് ആട്ടത്തില്‍ പ്രതിപാദിക്കുന്നത്.
ആരാണ് യഥാര്‍ഥത്തില്‍ ആട്ടത്തിലെ വില്ലനെന്ന് പറയാതെ സമൂഹ്യത്തിലെ പുരുഷ മനശാസ്‍ത്രവും പണത്തോടുള്ള ആര്‍ത്തിയുമൊക്കെ ഗൗരവമായി വിശകലനം ചെയ്യുകയാണ് ചിത്രം.
ഒരു വിഷയമുണ്ടാക്കുമ്പോള്‍ ഓരോ പുരുഷനും എന്ത് നിലപാടെടുക്കും എന്ന് പരിശോധിക്കുന്ന ആട്ടം സ്‍ത്രീപക്ഷത്തില്‍ നിന്നാണ് ആനന്ദ് ഏകര്‍ഷി അവതരിപ്പിക്കുന്നത്.
സറീന്‍ ഷാഹിബ് ആയിരുന്നു ആട്ടത്തിലെ നായിക. സറീന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഒരു നാടക സംഘത്തിന്റെ കഥയാണ് പറയുന്നത്. വിഖ്യാത ചിത്രം 12 ആംഗ്രി മെന്നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൂടിയൊരുക്കിയ സിനിമയാണിത്.
2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും നേടിയിരുന്നു ആട്ടം.
അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനാനന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും വരികളും ബേസിൽ സി ജെയും ശബ്ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു.
നേരത്തെ രാജ്യാന്തര പുര്‌സകാരങ്ങളും ആട്ടത്തിനെ തേടിയെത്തിയിരുന്നു. അതേസമയം, തരുണ്‍ മൂര്‍ത്തിയൊരുക്കിയ സൗദി വെള്ളക്കയും ദേശീയ പുരസ്‌കാരത്തില്‍ മലയാളത്തിന് അഭിമാനമായിട്ടുണ്ട്.
മികച്ച മലയാള സിനിമായ സൗദി വെള്ളക്ക ബോബം ജയശ്രീയിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും നേടി. മാളികപ്പുറം സിനിമയിലെ ശ്രീപദ് ആണ് മികച്ച ബാലതാരം.
അതേസമയം ആട്ടത്തിന് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ജനപ്രീയ സിനിമ കാന്താരയാണ്. ഊഞ്ചായ് എന്ന ചിത്രത്തിലൂടെ സൂരജ് ബര്‍ജാത്തിയാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത്.
കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും മാനസി പരേഖും പങ്കിടുകയായിരുന്നു.