തൊടുപുഴയിൽ കരിങ്കുന്നത് കണ്ടെത്തിയ അജ്ഞാത ജീവി പുള്ളിപ്പുലി തന്നെയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. വനം വകുപ്പ് സ്ഥാപിച്ച നാല് ക്യാമറകളിൽ രണ്ടെണ്ണത്തിൽ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞു. പുത്തന്‍പ്ലാവിലും കരിങ്കുന്നം ഇല്ലിചാരിയിലും വച്ച ക്യാമറകളിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതോടെയാണ് അജ്ഞാത ജീവി പുള്ളിപ്പുലി തന്നെയെന്ന് തിരിച്ചറിഞ്ഞത്. കരിങ്കുന്നം പ്രദേശങ്ങളിൽ രണ്ടാഴ്ചയിൽ ഏറെയായി വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവായതോടെ നാട്ടുകാർ ഭീതിയിൽ ആയിരുന്നു.
വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിനാല്‍ നാട്ടുകാർ ഇപ്പോഴും ഭീതിയിലാണ്. ആടുകള്‍, കോഴികള്‍, നായകള്‍ തുടങ്ങി പലതും കൊല്ലപ്പെട്ടു. രാത്രി പുറത്തിറങ്ങാന്‍ പോലും ആളുകള്‍ പേടിച്ചിരിക്കെയാണ് അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് തിരിച്ചറിയുന്നത്. പുലിയാണെന്ന് സംശയം ഉണ്ടായെങ്കിലും ഈ പ്രദേശത്ത് മുൻപ് വന്യജീവി ശല്യമൊന്നും ഉണ്ടായിട്ടില്ല എന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാർ പലരും. ഇതാദ്യമായാണ് ഈ മേഖലയില്‍ പുലിയിറങ്ങുന്നത്.
പുലിയുടെ ലൊക്കേഷൻ ട്രേസ് ചെയ്തുതനുസരിച്ച് ഇല്ലിചാരി റിസർവ് ഫോറസ്റ്റ് വനത്തിന് സമീപം ആയാണ് പുലി ഇപ്പോഴുള്ളത്. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഈ പ്രദേശത്താണ് പകൽ പുലി തങ്ങുന്നത് എന്നാണ് വനം വകുപ്പ് കരുതുന്നത്. എന്നാൽ ഇതിനടുത്തുള്ള ജനവാസ മേഖലയിലെ ആരും പുലിയെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ദൂരെ ഇടുക്കി വനമേഖലയിൽ നിന്നാണ് പുലി ഇവിടേക്ക് എത്തിയതെന്നാണ് കരുതുന്നത്. പുലിയാണെന്നു ഉറപ്പിച്ചതോടെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.
Read also; കള്ളവോട്ട് തടയും മായാമഷി; ബൂത്തുകളിൽ എത്തിത്തുടങ്ങി