കൊല്ലം: ഗ്യാസ് സിലിണ്ടർ കയറ്റി പോകുകയായിരുന്ന പെട്ടി ഓട്ടോയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു. ഓട്ടോ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. നിറസിലിണ്ടറുകൾ വണ്ടിയിൽ നിന്നും തെറിച്ചുവീണ്ടെങ്കിലും പൊട്ടാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സിലിണ്ടറുകളും, പെട്ടി ഓട്ടോയിലുണ്ടായിരുന്നവരും അടുത്തുള്ള ഓടയിലേക്ക് വീണതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണം.
ബുധനാഴ്ച ഉച്ചക്ക് ഒന്നേകാലോടെ പഴയാറ്റിൻകുഴിയിലായിരുന്നു അപകടം. പെട്ടി ആട്ടോ ഡ്രൈവർ തട്ടാർ കോണം ചന്ദ്ര ഭവനത്തിൽ ചന്ദ്രബാബു ( 62 ) സഹായി കരിക്കോട് മേക്കോൺ സ്വദേശി ഷിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഷിഹാബിനാണ് സാരമായ പരിക്കേറ്റത്. തഴുത്തലയിലെ ഇൻഡേൻ ഏജൻസിയുടെ 24 നിറ സിലിണ്ടറുകളുമായി കൊല്ലം ഭാഗത്തേക്ക് ഡെലിവറിക്കായി പോകുകയായിരുന്ന ആട്ടോയിൽ അതേ ദിശയിൽ തന്നെ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകുവശം ഇടിച്ച് ആട്ടോ മറിയുകയായിരുന്നു.
സംഭവം നടന്നപ്പോൾ ഓട്ടായിൽ നിന്നും പുക ഉയർന്നതിനാലും ഗ്യാസ് സിലിണ്ടറുകൾ ചിതറി കിടന്നതിനാലും നാട്ടുകാർക്ക് അടുക്കാനായില്ല. ഓട്ടോസ്റ്റാർട്ടായി തന്നെ നിന്നതാണ് പുക ഉയരാൻ ഇടയാക്കിയത്.സംഭവമറിഞ്ഞ് കൊല്ലത്തു നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് സിലിണ്ടറുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ഓടയിൽ സിലിണ്ടറുകളൊടൊപ്പം കിടക്കുകയായിരുന്നവരെയും ഫയർഫോഴ്സ് എത്തിയ ശേഷം പുറത്തെടുത്ത് മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം മുൾമുനയിലായിരുന്ന നാട്ടുകാർക്ക് ഫയർഫോഴ്സ് സംഘം എത്തിയ ശേഷമാണ് ശ്വാസം നേരേയായത്.