കൊച്ചി: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ നേരിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാൻ അവകാശമുണ്ടെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ ഉത്തരവ് ചോദ്യംചെയ്തു സമർപ്പിച്ച ഹർജി സംസ്ഥാന കമ്മീഷൻ തള്ളിക്കളഞ്ഞത്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരംഭിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികൾ, സർക്കാരും ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹാരമായില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാൻ സാധിക്കു എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ കമ്മീഷൻ നേരത്തെ ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരെ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ സമർപ്പിച്ചത്.
മെഡിസെപ്പ് പ്രകാരം ഇൻഷുറൻസ് ക്ലെയിം ലഭിച്ചില്ലെന്ന എറണാകുളം കറുകപ്പിള്ളി സ്വദേശിയും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ സി.ഡി ജോയിയുടെ ഇൻഷുറൻസ് ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ 2 മീഷനിൽ നൽകിയ പരാതിയിൽ സർക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിൽ പോകാതെ തന്നെ നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ല എന്ന് ഇൻഷുറൻസ് കമ്പനി വാദം ഉയർത്തി.
ഈ വാദം നിരാകരിച്ച എറണാകുളം ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വച്ചുകൊണ്ടാണ് സംസ്ഥാന കമ്മീഷൻ പ്രസിഡണ്ട് ജസ്റ്റിസ് ബി സുധീന്ദ്രകുമാർ, ജുഡീഷ്യൽ അംഗം ഡി. അജിത് കുമാർ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകിയത്.
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 100 പ്രകാരം ഏതൊരു ഉപഭോക്താവിനും സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപഭോക്തൃ കോടതികളെ സമീപിക്കാം എന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.
പരാതിക്കാരന് വേണ്ടി അഡ്വ. മിഷാൽ എം ദാസൻ കോടതിയിൽ ഹാജരായി.
English Summary:
The Kerala State Consumer Disputes Redressal Commission has ruled that beneficiaries of MEDISEP, the state’s health insurance scheme for government employees and pensioners, have the right to directly approach the Consumer Disputes Redressal Commission without first using the internal grievance redressal mechanism of the insurance company.