ദില്ലിയിൽ നിന്നും സന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള എയര്‍ ഇന്ത്യയുടെ AI 183 വിമാനത്തിലെ എ സി പ്രവർത്തിക്കാത്തത് മൂലം യാത്രക്കാര്‍ ബോധംകെട്ട് വീണതായി പരാതി. മാധ്യമപ്രവര്‍ത്തകയായ ശ്വേത പഞ്ച് എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് ആരോപണം. എട്ടുമണിക്കൂറോളം യാത്രക്കാരെ മുഷിപ്പിച്ച ശേഷമാണ് ഉള്ളിലിരുത്തിയത്. എസി പോലുമില്ലാതായതോടെ വിമാനത്തിനുള്ളില്‍ ആളുകള്‍ ബോധംകെട്ടുവെന്ന് മാധ്യമപ്രവര്‍ത്തകയായ ശ്വേത പഞ്ച് എക്സില്‍ കുറിച്ചു. ഡല്‍ഹിയില്‍ കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടെയാണ് വിമാനയാത്രക്കാരും ദുരിതത്തിലായത്. ആളുകള്‍ ബോധരഹിതരായതിന് പിന്നാലെ വിമാനത്തില്‍ നിന്നും പുറത്തിറക്കിയെന്നും ട്വീറ്റില്‍ പറയുന്നു. ആളുകള്‍ തളര്‍ന്ന് നിലത്തിരിക്കുന്ന ചിത്രവും ശ്വേത ഇതോടൊപ്പം വച്ചിട്ടുണ്ട്.
ശ്വേതയുടെ കുറിപ്പ്:
”സ്വകാര്യവല്‍ക്കരണം ഇത്രത്തോളം പരാജയപ്പെട്ട മറ്റൊരു അവസ്ഥ എയര്‍ ഇന്ത്യയോളം എവിടെയുമുണ്ടാകില്ല, AI 183 വിമാനം എട്ട് മണിക്കൂറാണ് ആദ്യം വൈകിയത്. എസി പോലുമിടാത്ത വിമാനത്തിനുള്ളിലേക്ക് യാത്രക്കാരെ പ്രവേശിപ്പിച്ചിരുത്തി. ആളുകള്‍ ബോധരഹിതരായതോടെ തിരിച്ചിറക്കി. അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയാണിത്”.. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്ത ട്വീറ്റില്‍ ശ്വേത കുറിച്ചു.
യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പുവരുത്താന്‍ വേണ്ട നടപടി സ്വീകരിച്ചുവെന്നും സംഭവിച്ച അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും പ്രശ്നം പരിഹരിക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുന്നുവെന്നും നിങ്ങളുടെ ക്ഷമാപൂര്‍വമായ സഹകരണത്തിന് നന്ദിയെന്നും ശ്വേതയുടെ ട്വീറ്റിന് മറുപടിയായി എയര്‍ ഇന്ത്യ കുറിച്ചു.