ഗുരുവായൂർ: 39 ആനകളുടെ നാഥനായ ഗുരുവായൂരപ്പന് ആനയില്ലാതെ ശീവേലി.
ശീവേലിക്ക് എത്തേണ്ട കൊമ്പൻ കൃഷ്ണനാരായണൻ എത്താത്തതും. പകരമെത്തിയ ആന കഴകക്കാരനെ തട്ടി വീഴ്ത്തുകയും ചെയ്തതോടെയാണ് ആനയില്ലാതെ ശീവേലി നടത്തിയത്. ശീവേലി സമയമായിട്ടും ആന എത്താത്തതിനാൽ കരുതലായി നിശ്ചയിച്ചിരുന്ന കൊമ്പൻ രാധാകൃഷ്ണനെ ശീവേലിച്ചടങ്ങുകൾക്കായെത്തിച്ചു.ഉയരക്കൂടുതലുള്ള ആനയായതിനാൽ, തിടമ്പുമായെത്തിയ ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂർ ഹരിനാരായണൻ നമ്പൂതിരിക്ക് കൊമ്പൻ രാധാകൃഷ്ണന്റെ പുറത്ത് കയറാനായില്ല. രണ്ടാമതും പാപ്പാൻ ആനയെ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുത്തുവിളക്കും പിടിച്ചു നിന്നിരുന്ന കഴകക്കാരനായ അച്ചുണ്ണി ആനയുടെ മുന്നിലേയ്ക്ക് കയറി. പ്രകോപിതനായ കൊമ്പൻ കാലുകൊണ്ട് കഴകക്കാരനെ തട്ടിവീഴ്ത്തി. ആനയുടെ തട്ടേറ്റ് വീണ ഇയാൾ ഉടനെ എഴുന്നേറ്റ് ഓടി മാറി. പാപ്പാൻ ശ്രീനാഥിന്റെ സമയോചിതമായ ഇടപെടൽ കൊമ്പനെ ശാന്തനാക്കിയെങ്കിലും ശീവേലി എഴുന്നള്ളിപ്പിൽ നിന്ന് മാറ്റി.
മദ്യപിച്ച് ആനത്താവളത്തിൽ പ്രവേശിച്ചുവെന്ന് കാട്ടി കൃഷ്ണനാരായണന്റെ പാപ്പാന്മാർക്കെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടെമ്പിൾ പൊലീസിൽ പരാതി നൽകി. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് 3.30നാണ് ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂർ ഹരിനാരായണൻ നമ്പൂതിരി ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് കൈയിലെടുത്ത് ചടങ്ങ് പൂർത്തിയാക്കിയത്.
മറ്റൊരു ആനയെ ആനത്താവളത്തിൽ നിന്ന് എത്തിക്കാൻ സമയമെടുക്കുമെന്നതിനാൽ ആനയില്ലാതെ ശീവേലി ചടങ്ങ് പൂർത്തിയാക്കുകയായിരുന്നു. ക്ഷേത്രോത്സവം കൊടിയേറ്റ ദിനത്തിൽ മാത്രമാണ് ക്ഷേത്രത്തിൽ ചടങ്ങുകളുടെ ഭാഗമായി ആനയില്ലാതെ ശീവേലി നടത്തുക.