വയനാട്ടിൽ ആദിവാസി യുവതി മരിച്ചത്മെ ചികിത്സ ലഭിക്കാതെയെന്നു കുടുംബം. അരിവാൾ രോഗം മൂലമുള്ള അസ്വസ്ഥതകളെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിയ ആദിവാസി സ്ത്രീയോട് ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്നും കുടുംബം പറയുന്നു. വെള്ളമുണ്ട എടത്തിൽ പണിയ കോളനിയിലെ സുരേഷിൻ്റെ ഭാര്യ സിന്ധുവാണ് ഇന്നലെ രാത്രി മരിച്ചത്. സിന്ധുവിനെ കാൽമുട്ടു വേദനയെ തുടർന്നാണ് ശനിയാഴ്ച രാവിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ സിന്ധുവിന് രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു.
ഉടൻ സിന്ധുവിൻ്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിച്ചെങ്കിലും ഏറെ നേരത്തേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു. രാത്രി 9 മണിയോടെ സിന്ധു മരിക്കും മുമ്പ് അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാൻ നേഴ്സുമാരോട് കരഞ്ഞു പറഞ്ഞതെന്നും സിന്ധുവിന്റെ മരണശേഷം നേഴ്സുമാരെ ആശുപത്രിയിൽ നിന്ന് കാണാതായെന്നും ബന്ധുക്കൾ പറയുന്നു. രോഗം മൂർച്ഛിച്ചതോടെ ഡോക്ടറെ വിളിക്കാൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. ശ്വാസതടസ്സമുണ്ടെന്നറിയിച്ചപ്പോൾ ഗ്യാസ് കയറിയതാണെന്നും ഭക്ഷണം കഴിക്കണമെന്നും ജീവനക്കാർ പറഞ്ഞതായും കുടുംബമാരോപിക്കുന്നു. രോഗി മരിച്ച ശേഷമാണ് ഡോക്ടർ എത്തിയതെന്നും കുടുംബം കണ്ണീരോടെ പറയുന്നു. സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.