ഫ്ലോറിഡ: മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ വരവേറ്റത് യുഎസ് കോസ്റ്റ് ഗാര്‍ഡിനൊപ്പം ഡോള്‍ഫിന്‍ കൂട്ടവും.
പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശ ദൃശ്യങ്ങൾ നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
സമീപത്ത് യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും സ്‌പേസ് എക്‌സിന്റെ കപ്പലുമുണ്ടായിട്ടും, അതൊന്നും വകവെക്കാതെ ഡോള്‍ഫിനുകള്‍ ഡ്രാഗണ്‍ പേടകത്തിനരികെ നീരാട്ട് നടത്തിയത്.
ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ- 9 ലാൻഡിംഗിന് ശേഷം ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങി.
കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തേക്ക് ഇറങ്ങിയത്. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും. യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി.
സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെയാണ് ലാൻഡ് ചെയ്തത്.
സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കുകയായിരുന്നു. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തുകയായിരുന്നു.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത് യാത്ര പുറപ്പെട്ടത്.
നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരായിരുന്നു ക്രൂ9 പേടകത്തിലെ യാത്രക്കാര്‍.
സ്റ്റാർലൈനർ പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്.
വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങാനായില്ല. ഇരുവരുമില്ലാതെ തന്നെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.