കൊച്ചി: എയർ കണ്ടീഷൻ റിപ്പയർ ചെയ്ത് നൽകാതെ വൈകിച്ച ഇടപ്പിള്ളിയിലെ എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ് എന്ന സ്ഥാപനത്തിന് എതിരെ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കോടതി.
വിൽപനയും അതിന് ശേഷമുള്ള സർവീസും വാഗ്ദാനം ചെയ്യുന്നവർ മാത്രമല്ല, ഏത് സേവനം ഓഫർ ചെയ്ത് സ്ഥാപനം നടത്തുന്നവരും ഉപഭോക്തൃ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കുന്ന വിധിയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയിൽ നിന്ന് ഉണ്ടായത്.
എറണാകുളം തിരുവാങ്കുളം സ്വദേശി കെ ഇന്ദുചൂഡൻ സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കോടതി ഉത്തരവ്. വോൾടാസ് സ്പ്ലിറ്റ് എസി റിപ്പയർ ചെയ്യുന്നതിനായാണ് പരാതിക്കാരൻ എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസിനെ സമീപിച്ചത്.
എതിർകക്ഷി 10,000 രൂപ എസ്റ്റിമേറ്റ് തുക നിശ്ചയിച്ചു. അതിൽ 5,000 രൂപ അഡ്വാൻസായി പരാതിക്കാരൻ നൽകുകയും ചെയ്തു. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും എസി യൂണിറ്റ് റിപ്പയർ ചെയ്തു നൽകാൻ എതിർകക്ഷി തയ്യാറായില്ല.
എസി യൂണിറ്റ് തിരിച്ചു നൽകണമെന്നും, തനിക്കുണ്ടായ മനക്ലേശത്തിനും പരിഹാരമായി 50000 രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസിന് യഥാസമയം എസി റിപ്പയർ ചെയ്ത് നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അത് അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്നും ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
എസി യൂണിറ്റ് ഉടനടി റിപ്പയർ ചെയ്ത് നൽകണമെന്നും അതിന് കഴിയാത്ത കഴിയാത്തപക്ഷം അഡ്വാൻസായി വാങ്ങിയ 5,000 രൂപ എതിർകക്ഷി പരാതിക്കാരന് തിരിച്ചു നൽകണമെന്നും 20,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. അഗസ്റ്റസ് ബിനു കോടതിയിൽ ഹാജരായി.