മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 319 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വെള്ളാർമല സ്കൂൾ റോഡിൽ നിന്നാണ് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തത്. ചാലിയാറിൽ ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ്. വനംവകുപ്പ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവർ ചേർന്ന് സംയുക്ത തിരച്ചിൽ. ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.The death toll in the Mundakai landslide has reached 319
ഉരുൾപൊട്ടലിൽ മരിച്ച 107 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 27 പേർ കുട്ടികളാണ്. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ആറ് സോണുകളായി നാൽപ്പത് ടീമുകളായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. അതേസമയം, പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ നാലംഗ കുടുംബത്തെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.
മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.