കമ്പൗണ്ടര്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ ആശുപത്രിയിൽ യുവതിക്ക് ദാരുണാന്ത്യം. ബിഹാറിലെ സമസ്പൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനിഷ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. ഗര്‍ഭനിരോധന ശസ്ത്രക്രിയക്ക് വിധേയയായ 28 വയസുകാരിയാണ് സ്വകാര്യ ക്ലിനിക്കില്‍ മരിച്ചത്. ശസ്ത്രക്രിയ നടത്തിയ കമ്പൗണ്ടര്‍ ഓടി രക്ഷപ്പെട്ടു. . ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലെന്നു കമ്പൗണ്ടറും മറ്റ് ജീവനക്കാരും ആദ്യം യുവതിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് കമ്പൗണ്ടര്‍ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു
മുബാറക്പൂര്‍ സ്വദേശിയായ ചന്ദന്‍ കുമാറിന്റെ ഭാര്യയാണ് മരണപ്പെട്ട ബബിത ദേവി.ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് യുവതിയെ അഡ്മിറ്റ് ചെയ്തത്. ആശുപത്രിയുടെ രണ്ടാം നിലയിലെ മുറിയില്‍ യുവതിക്ക് ട്രിപ്പ് നല്‍കിയ ശേഷം രാവിലെ 11 മണിയോടെ ശസ്ത്രക്രിയ തുടങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവതിയെ 10 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് മൃതദേഹം തിരികെ കൊണ്ടുവന്നു. ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്തത്.
യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് ബഹളം വെയ്ക്കുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഡോക്ടറെയും ജീവനക്കാരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.