ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാനും അന്വേഷണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും കേരള ഹൈക്കോടതി ഇന്ന് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. അന്വേഷണം സിബിഐക്ക് വിടണമെന്ന മാതാപിതാക്കളുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ നിർദേശം . സംഭവത്തിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ശരിയായ രീതിയിൽ അന്വേഷിക്കുന്നില്ലെന്നും പ്രതിക്ക് അനുകൂലമായാണ് കുറ്റപത്രം സമർപ്പിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. പോലീസ് അന്വേഷണം അവസാനിച്ച ഘട്ടത്തിൽ അന്വേഷണം മാറ്റുന്നതിൽ ബെഞ്ച് വാക്കാൽ അസ്വസ്ഥത പ്രകടിപ്പിച്ചു.
മെയ് 10ന് പുലർച്ചെ 4.30നാണ് പൂയപ്പളളി പൊലീസ് ചികിത്സയ്ക്കായി കൊണ്ടു വന്ന സന്ദീപ് ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദനയെ സർജിക്കൽ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. നെഞ്ചിൽ സർജിക്കൽ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ്(43) തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.കേസിൽ കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 83–ാം ദിവസമാണു കുറ്റപത്രം സമർപ്പിച്ചത്.