സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം വെള്ളയായി തന്നെ തുടരും. ബസ്സുകൾക്ക് പലനിറം വേണ്ടെന്ന് സംസ്ഥാന ഗതാഗതവകുപ്പ് ഉത്തരവിറക്കി. (The color of tourist buses will remain white, while driving school vehicles will have a special colour)
എന്നാൽ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകണമെന്നു ഉത്തരവിൽ പറയുന്നു. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ബസ്സുകളുടെ ഗ്ലാസിലും ബോഡിയിലും സിനിമാ താരങ്ങളുടേത് ഉൾപ്പെടെയുള്ള ചിത്രങ്ങളും എഴുത്തുകളും പതിക്കുന്നത് അനുവദിക്കാനാകില്ലെന്ന് 2019 ഓക്ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യംകൂടി പരിഗണിച്ചാണ് വെള്ളനിറം തുടരാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്.
ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരുമായും ഡ്രൈവിങ് സ്കൂൾ ഉടമകളുമായും നടത്തിയ ചർച്ചയ്ക്കുശേഷം ചേർന്ന യോഗത്തിലാണ് തീരുമാനം. എന്നാൽ ഈ ഉത്തരവ് ഇരുചക്രവാഹനങ്ങൾക്ക് ബാധകമല്ല.
ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ സംബന്ധിച്ച ഉത്തരവ് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.