കാലെത്തിച്ച് ഇടവഴികളിലൂടെ ഹാന്‍ഡില്‍ വിറച്ചുവിറച്ചു ആദ്യമായി സൈക്കിള്‍ കയറ്റം പഠിച്ച ദിവസങ്ങള്‍ ഓര്‍മ്മയുണ്ടോ? സൈക്കിളിന് പിന്നില്‍ പിടിച്ചിരിക്കുന്നയാളുടെ പ്രത്യേക നിര്‍ദേശങ്ങള്‍ ഉണ്ടാകും. പിന്നില്‍ നിന്നും കൈവിടുന്നതോടെ നേരെ നിലത്തേക്ക്… നോസ്റ്റാള്‍ജിയയ്ക്ക് പുറമെ സൈക്കിളിങ് ശാരീരിക-മാനസിക ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും.
പുഞ്ചപ്പാടത്തിനു നടുവിലെ നൂല് പോലെ കാണുന്ന വരമ്പിലൂടെയും ഇടവഴികളിലൂടെയും പൊതു നിരത്തിലും കിണി കിണിം മുഴക്കി പാഞ്ഞിരുന്ന സൈക്കിള്‍ വെറുമൊരു ഇരു ചക്രവാഹനം മാത്രമായിരുന്നില്ല. അതിന്റെ കിണി കിണിം നാദം ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പായിരുന്നു. ആളെണ്ണി ബൈക്കും കാറും ഉമ്മറത്ത് ഇടംപിടിക്കുന്നതിനു മുമ്പ് പല വീടുകളിലും ഒരംഗത്തെ പോലെ അവനുണ്ടായിരുന്നു. ബാല്യത്തില്‍ സൈക്കിളിന്റെ ടയര്‍ (വട്ട് എന്ന് അന്ന്..) ഉരുട്ടി ലഭിക്കുന്ന അറിവായിരുന്നു പിന്നീട് സൈക്കിള്‍ ചവിട്ട് പഠിക്കുവാനുള്ള അടിസ്ഥാന യോഗ്യത.
പോസ്റ്റുമാന്റെ സൈക്കിള്‍ കാണുമ്പോഴേ ഗള്‍ഫുകാരന്റെ ഭാര്യയുടെ നെഞ്ചിടിപ്പ് കൂടും! ഡ്രാഫ്റ്റ് , അതോ കത്തോ, ഡ്രാഫ്റ്റ് ആയാല്‍ പോസ്റ്റുമാനും സന്തോഷം, കൈമടക്കു കിട്ടും. സൈക്കിളില്‍ വെളുത്ത താടിയുള്ള നിറഞ്ഞ പുഞ്ചിരിയുമായി വന്നിരുന്ന അദ്ദേഹം അനിവാര്യമായി വിരമിക്കലിലേക്ക് മാറി വിശ്രമ ജീവിതമാരംഭിച്ചപ്പോള്‍ സൈക്കിളും മറഞ്ഞു. പകരം വന്ന പോസ്റ്റുമാന്‍ കാലത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചു.
പുലര്‍ക്കാലത്ത് കോഴി കൂവുന്നതിന്റെ കൂടെ പാല്‍ക്കാരന്റേയുംയും പത്രക്കാരന്റെയുംയും ബെല്ലടിയും മുഴങ്ങിയിരുന്ന ഗ്രാമങ്ങള്‍. ഇന്നത്തെ മോട്ടോര്‍ വാഹന പെരുപ്പത്തിനും റെന്റ് എ കാര്‍ / ബൈക്ക് സംസ്‌കാരത്തിനും മുമ്പ് നാട്ടിന്‍ പുറത്തുകാരുടെ യാത്രാ സഹായിയായി സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്നൊരു കടയുണ്ടാകും.ആ കടയായിരുന്നു ആ പ്രദേശത്തുകാരുടെ മുഴുവന്‍ ജീവിതത്തെയും മുന്നോട്ടു നയിച്ചിരുന്നത്. രാവിലെ കൊണ്ട് പോയി വൈകിട്ട് തിരിച്ചു ഏല്‍പിക്കുന്ന ദൂര സ്ഥലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍, സെക്കന്‍ഡ് ഷോ സിനിമ കാണാനായി രാത്രി വാങ്ങി രാവിലെ തിരിച്ചു എല്‍പ്പിക്കന്നവര്‍, കുടുംബ വീടുകളില്‍ പോകാനും ചില്ല്വാനം വാങ്ങാനും ചരക്കു കൊണ്ട് വില്‍ക്കാനുമായി മണിക്കൂര്‍ വ്യവസ്ഥയില്‍ വാടകക്കെടുക്കുന്നവര്‍, സൈക്കിള്‍ റാലിക്കായി എല്ലാ സൈക്കിളും ബുക്ക് ചെയ്യുന്ന രാഷ്ട്രീയക്കാര്‍… അങ്ങനെ നീളുന്ന ഉപഭോക്താകളുടെ പട്ടിക. ചവിട്ടി ചവിട്ടി ക്ഷീണിക്കുമ്പോള്‍ വഴിയരികിലെ പെട്ടിക്കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം, അല്ലെങ്കില്‍ സംഭാരം, അതുമല്ലെങ്കിലൊരു മുറുക്കാന്‍.. അതുമതി കിലോമീറ്ററുകള്‍ താണ്ടാനുള്ള ഇന്ധനമായി..
വാടകക്ക് നല്‍കിയിരുന്ന പലസ്ഥാപനങ്ങളും ഇന്ന് ഓര്‍മ്മകളുടെ ചക്രമുരുട്ടി മറവിയിലേക്ക് യാത്രയായി. സൈക്കിള്‍ വാടകയ്ക്ക് നല്‍കിയിരുന്നതിനൊപ്പം കസേര നെയ്ത്തുമായി അങ്ങാടിയിലുണ്ടായിരുന്നവർ കസേര നെയ്ത്തില്‍ മാത്രമായി ഒതുങ്ങി. എങ്കിലും സ്വയമുപയോഗത്തിനായൊരു സൈക്കിള്‍ ഓര്‍മ്മകളുടെ കാറ്റു നിറച്ച രണ്ടു ചക്രവുമായി അദ്ദേഹത്തിന് കൂട്ടുണ്ട്. കൂടെ നെയ്‌തൊരുക്കിയ ചെറിയൊരു പെട്ടി പിന്‍സീറ്റിലും.
വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ ചായയ്ക്ക് അടുപ്പില്‍ വെള്ളം വെക്കുന്നതിനോപ്പം അരിപ്പാത്രത്തില്‍ നിന്നും നാണയത്തുട്ടോ, ചുളിവ് വീണ നോട്ടോ എടുത്ത് അടുക്കള വാതിലിലൂടെ പുറത്തിറങ്ങി അയലത്തെ ചെക്കനെ സൈക്കിളില്‍ പലഹാരം വാങ്ങാന്‍ അങ്ങാടിയിലേക്ക് വിടും. വെള്ളം തിളക്കുമ്പോഴേക്ക് ചെക്കന്‍ തിരിച്ചെത്തും, കയ്യില്‍ എണ്ണ പുരണ്ട കടലാസ് പൊതിയും വിയര്‍ത്തൊലിച്ച ഉടുപ്പുമായി. ബാക്കിയുള്ള നാണയങ്ങളോ, പൊതിയില്‍ നിന്നൊരു പലഹാരമോ കൂലി. ഇനിയും വിളിച്ചാല്‍ വിളി കേള്‍ക്കേണ്ടതാണ്!
സന്ധ്യക്ക് സൈക്കിളിനു പ്രതീക്ഷയുടെ ഭാവമാണ്. പണി കഴിഞ്ഞു ആഹാര സാധനങ്ങളുമായി അച്ഛന്‍ വരുന്നതും കാത്തു കോലായില്‍ കുട്ടികളുണ്ടാകും. മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലത്തെ അച്ഛന്റെ സൈകിളിലെ ഡൈനാമോയുടെ വെളിച്ചം ദൂരെ നിന്നും കാണുന്ന മാത്രയില്‍ അവര്‍ വിളിച്ചു പറയും:
‘ അമ്മെ അച്ഛന്‍ വരുന്നേ…’
മഴ വെള്ളം നിറഞ്ഞ വഴിയിലൂടെ സൈക്കിള്‍ ചവിട്ടാന്‍ വല്ലാത്ത ഒരു ആവേശമാണ് കുട്ടികാലത്ത്. പോക്കാച്ചി തവളകളെ ഭയപ്പെടുത്തി, കൂട്ടുകാരിയുടെ ഉടുപ്പിലേക്ക് മഴവെള്ളം തെറിപ്പിച്ച്, ഒറ്റക്കയ്യില്‍ കുടപിടിച്ച്, സാഹസികത നിറഞ്ഞ ഒരു യാത്ര. മേലാകെ നനഞ്ഞു വീട്ടിലെത്തിയാലുള്ള അമ്മയുടെ ശകാരം ഓര്‍ത്താല്‍ പേടി തോന്നുമെങ്കിലും ചവിട്ടലിനു വേഗതയേറും.
സൈക്കിളില്‍ വലിയ മരപ്പെട്ടി ഘടിപ്പിച്ച ഐസ് വില്പനക്കാരന്‍ ഗ്രാമങ്ങളിലെയും വിദ്യാലയങ്ങള്‍ക്ക് മുന്നിലെയും മുന്നിലെയും നിത്യ കാഴ്ചയായിരുന്നു. വലിയ ബോം ശബ്ദമുള്ള ഹോണ്‍ മുഴക്കി ഗ്രാമങ്ങളിലൂടെ നീങ്ങുന്ന ഐസുകാരന്റെ ശബ്ദം കേട്ടാല്‍ മതി കുരുന്നുകള്‍ വാശിപിടിച്ചു കരയാന്‍ തുടങ്ങും.
കോളേജിലേക്ക് സൈക്കിളില്‍ പോകുന്ന കുമാരന്മാര്‍ക്ക് കുമാരിമാരെ കണ്ടാല്‍ താനേ സ്പീഡ് കുറയും. അതുമല്ലെങ്കില്‍ അവരുടെ കൂടെ നടക്കാന്‍ വേണ്ടി കാറ്റ് അഴിച്ചു വിട്ടു പഞ്ചര്‍ ആക്കും. കാറ്റൊഴിഞ്ഞ ടയര്‍ ഉരുളാന്‍ മടി കാണിക്കുന്നത് പോലെ കുമാരിമാര്‍ ആദ്യമൊക്കെ നോട്ടമെറിയാന്‍ മടിക്കും. പതിയെ പ്രണയത്തിന്റെ കാറ്റു നിറയും, ഹൃദയങ്ങളില്‍ ചക്രമുരുളും, വാക്കുകള്‍ കിണി ശബ്ദമാവും. അതെ സൈക്കിളിനു പല ഭാവങ്ങളും താളങ്ങളുമുണ്ട്.
സൈക്കിളിന്റെ മുന്നിലും പിന്നിലും ചക്രമാക്കി സര്‍വ്വേ വയറും കമ്പിയും കൊളുത്തിയിട്ട ഇന്നത്തെ മഞ്ഞ ഹെല്‍മെറ്റില്ലാത്ത പഴയ ലൈന്‍മാന്‍മാര്‍, മുന്‍ വശത്തെ കൈപ്പിടിയുടെ ഇരു ഭാഗത്തും വലിയ പാത്രങ്ങള്‍ തൂക്കി പാല്‍ക്കാരന്‍, നടുവിലെ കമ്പിയില്‍ പ്രത്യേകം ഘടിപ്പിച്ച കുഞ്ഞു സീറ്റില്‍ കുഞ്ഞിനെ ഇരുത്തി സ്‌കൂളില്‍ കൊണ്ട് പോകുന്ന രക്ഷിതാവ്, രണ്ടു കൈപ്പിടിയിലും മൈദപ്പശ നിറച്ച ബക്കറ്റും പിന്നില്‍ ഒരു കെട്ടു പോസ്റ്ററും കൊണ്ട് നീങ്ങുന്ന ആഴ്ചയില്‍ നാല് തവണ പടം മാറുന്ന സിനിമാ തിയേറ്ററിലെ ജീവനക്കാരന്‍, പിന്നില്‍ വലിയ ചാക്കും കെട്ടി ഒരു അഭ്യാസിയെ പോലെ പോകുന്ന ചുമട്ടു തൊഴിലാളി, ഇരുന്നു ചവിട്ടാന്‍ പറ്റാതെ നിന്നു ചവിട്ടി ബാലന്‍സ് ചെയ്യുന്ന കുട്ടികള്‍, പിന്നില്‍ വലിയ പ്ലാസ്റ്റിക് പെട്ടിയും അതില്‍ ത്രാസും കൊളുത്തിയിട്ടു കൂവിപ്പായുന്ന മീന്‍ വില്‍പ്പനക്കാരന്‍.. ഒന്നോര്‍ത്താല്‍ തെളിയും അങ്ങിനെ കുറേ പ്രതീക്ഷയുടെ കാറ്റു നിറച്ച രണ്ടു ചക്രത്തില്‍ ജീവിതത്തിന്റെ ഭാരവുമായി ഉരുണ്ടുപോകുന്ന ചിത്രങ്ങള്‍.
പത്താം ക്ലാസ് പാസ്സായാല്‍ പലരുടെയും പ്രതീക്ഷ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴോ പ്രോത്സാഹനമായി വീട്ടുകാര്‍ പ്രഖ്യാപിച്ച സൈക്കിളായിരുന്നു. ഇന്നത് ബൈക്കിലേക്ക് മാറി. പ്രായപൂര്‍ത്തിയാകും മുമ്പ് സമ്മാനിച്ച യന്ത്രങ്ങള്‍ പലതും ചോരപ്പുഴയൊരുക്കി. പ്രതീക്ഷകളെ പലതും കണ്ണീര്‍ മഴ നനച്ചു. നടുക്കമ്പിയില്ലാത്ത ലേഡീസ് സൈക്കിളുകളില്‍ സഞ്ചരിച്ച വനിതകള്‍ പഴഞ്ചനായപ്പോള്‍ സ്‌കൂട്ടിയിലേക്ക് വഴിമാറിയ വനിതാ രത്നങ്ങള്‍ ന്യൂജനായി. ആയിരങ്ങളില്‍ നിന്നും സൈക്കിളുകളുടെ വില പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കടന്നു. വാടകക്ക് കൊടുത്തിരുന്നവരും റിപ്പയര്‍ ചെയ്തിരുന്നവരുമൊക്കെ കാലത്തിന്റെ ചങ്ങല പൊട്ടി നിശ്ചലമായി. ഗ്രീസിന്റെ കരി പുരണ്ട ചുമരും പഴയ ടയറുകള്‍ അടുക്കിയിട്ട, സ്റ്റീലിന്റെ കുഞ്ഞു മണികള്‍ അലങ്കാരമായി കിടന്ന മുറ്റവും അസ്ഥികൂടം പോലെ ചക്രങ്ങളൂരിയ സൈക്കിളുകള്‍ കെട്ടിത്തൂക്കിയ പശ്ചാത്തലവുമൊക്കെ മാറി മുന്തിയ ബ്രാന്‍ഡുകളുടെ വിത്യസ്ത മോഡലിലുള്ള സൈക്കിളുകളുമായി എ.സി ഷോറൂമുകള്‍ നഗരങ്ങളില്‍ തലയുയര്‍ത്തി.
കാലത്തിനൊപ്പം നാടും നാട്ടുകാരും സഞ്ചരിച്ചപ്പോള്‍ സൈക്കിളിന്റെ മണിനാദം നേര്‍ത്തു പോയി. ഒരു കാലത്ത് സൈക്കിള്‍ ചവിട്ടി കുടുംബവീടുകളിലേക്കും അത്യാവശ്യ കാര്യങ്ങള്‍ക്കും സഞ്ചരിച്ച സമൂഹം ബൈക്കെടുത്ത് ജിംനേഷ്യത്തില്‍ പോകേണ്ട അവസ്ഥയിലേക്കെത്തി. മോട്ടോര്‍ വാഹന വിപ്ലവം നമുക്ക് നല്‍കിയ വേഗതയിലും സൗകര്യങ്ങളിലും ജീവിതം ഉന്മാദം കൊണ്ടപ്പോള്‍ നിത്യ ഭക്ഷണത്തില്‍ കൊളസ്ട്രോള്‍ ഗുളികകളും ഇടം നേടി.
കാലമിനിയുമുരുളും മാറ്റങ്ങളുമായി നിരത്തുകളൊരുങ്ങും നമ്മുടെ ശീലങ്ങള്‍ മാറും ഇടയ്ക്കിടെ പഞ്ചറാകാതെ പാതിവഴിയില്‍ ചങ്ങല പൊട്ടാതെ സ്‌നേഹത്തിന്റെ കാറ്റ് നിറച്ച് നമുക്കും സഞ്ചരിക്കാം.
നാളെ ലോക സൈക്കിള്‍ ദിനം. വീടിനകത്തിരുന്ന് തന്നെ വ്യായാമം ചെയ്യാനോ ജിംനേഷ്യത്തില്‍ പോകാനോ താത്പര്യമില്ലാത്തവര്‍ക്ക് മികച്ച വ്യായാമമാര്‍ഗമാണ് സൈക്കിളിങ്. നടത്തം, ഓട്ടം, വൈയിറ്റ് ട്രെയ്‌നിങ് തുടങ്ങിയ വ്യായാമ രീതികളെക്കാള്‍ പേശികള്‍ക്കു മികച്ചത് സൈകിളിങാണെന്നും സന്ധികളുടെ ചലനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇത് വളരെ ഗുണകരമാണെന്നും വിദഗ്ധർ പറയുന്നു. സൈക്കിളിങ്ങിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…
മനുഷ്യര്‍ക്കിടയിലെ പ്രിയപ്പെട്ട ഗതാഗത മാര്‍ഗങ്ങളിലൊന്നാണ് സൈക്ലിംഗ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും എല്ലാം സൈക്ലിംഗ് ഗുണകരമാണ്. നമ്മെ ഊർജസ്വലരായി നിലനിർത്തുന്ന മികച്ച വ്യായാമം കൂടിയാണിത്. ആരോഗ്യകരമായ ജീവിതശൈലിയും ഇതുവഴി നേടിയെടുക്കാൻ സാധിക്കും. സൈക്കിളുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 3 ന് ലോക സൈക്കിൾ ദിനമായി (World Bicycle Day) ആചരിക്കുകയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി മനസിലാക്കാം.
ചരിത്രം
രണ്ട് നൂറ്റാണ്ടുകളായി ഉപയോഗത്തിലുള്ള ഗതാഗത മാർഗങ്ങളിലൊന്നായ സൈക്കിളിന്റെ സവിശേഷതകളും അവ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (United Nations General Assembly) ജൂൺ 3 ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും പരിപോഷിപ്പിക്കുന്ന, ലളിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗമാണ് സൈക്കിൾ എന്നും അസംബ്ലി നിരീക്ഷിച്ചിരുന്നു.
പൊതുവിൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ഗിയറുള്ള സൈക്കിളും വ്യായാമവും തമ്മിലെ ബന്ധം. ഇത് തെറ്റാണ്. അശാസ്ത്രീയമായ രീതിയിൽ സൈക്കിളോടിക്കുന്നത് ശരീരഭാഗങ്ങൾക്ക് പ്രതികൂലമായിത്തീരുകയാണ് ചെയ്യുക.പവറും കയറ്റവും ഇറക്കവും പവർ അനുസരിച്ച് നിയന്ത്രിക്കുക എന്നതാണ് ഗിയറിെൻറ ലക്ഷ്യം. ഇത്തരം സൈക്കിളുകൾ ഉപയോഗിക്കുേമ്പാൾ പരിശീലനമോ വിദഗ്ധ ഉപദേശമോ ആവശ്യമാണ്. ഹൈവേയിലൂടെ മാത്രമാണ് യാത്രയെങ്കിൽ വണ്ടിയുടെ വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ട കാര്യമില്ല. പക്ഷേ നമ്മുടെ ഭൂരിപക്ഷം ഭൂപ്രദേശവും അങ്ങനെയല്ല. എവിടെ ട്രാഫിക് ഉണ്ടോ, തുടരേ നിറുത്തേണ്ട ആവശ്യമുണ്ടോ, കയറ്റമുണ്ടോ അവിടെയാണ് ഗിയറിെൻറ പ്രവർത്തനവും ആവശ്യവും. അത് പഠിച്ച് ചെയ്യേണ്ടതാണ്.ഇത്തരം റോഡുകളിലൂടെ ഗിയറില്ലാത്ത സൈക്കിളുകളൂടെയുള്ള നിരന്തര സഞ്ചാരം ചിലർക്ക് മുട്ടുവേദനയും ശാരീരിക അസ്വസ്ഥതകൾക്ക് ഇടയാക്കിയേക്കും. സൈക്കിൾ യാത്ര വൈകാതെ അവസാനിപ്പിക്കേണ്ടിയും വന്നേക്കാം.
വിപണിയിലെ ഗുണമേന്മ കുറഞ്ഞതും വിലകുറഞ്ഞതുമായ സൈക്കിളുകളാണ് വിറ്റഴിക്കുന്നത്. അവർ പരത്തുന്ന തെറ്റിദ്ധാരണയാണ്. ടയറിെൻറ കനം കൂടിയാൽ വ്യായാമം കൂടുമെന്നാണ് പറയുന്നതെങ്കിൽ അമ്മിക്കല്ല് സൈക്കിളിെൻറ പിന്നിൽ കെട്ടിയിട്ട് വലിച്ചാൽ പോരെ.
ഒന്നരാടം ദിവസം ഒരു മണിക്കൂർ സൈക്കിൾ വ്യായാമം ചെയ്യുകയാണെങ്കിൽ ബി.പി, പ്രമേഹം, ഒരു പരിധിവരെ ഹൃദ്രോഗത്തിനും പ്രതിരോധമേകാം. തിരക്കുള്ളവർക്കും ആരോഗ്യം മോശമാകുന്നവർക്കും ജോലിക്ക് പോകുന്ന സമയത്ത് ഭാഗികമായോ മുഴുവനായോ സൈക്കിൾ വ്യായാമം ശീലമാക്കിയാൽ ജീവിത ശൈലി രോഗങ്ങൾ കുറയ്ക്കാം. കുടുംബത്തിൽ നിന്നോ ജോലിയിൽ നിന്നോ വ്യായാമത്തിന് വേണ്ടി സമയം മാറ്റിവെയ്ക്കുകയും വേണ്ട.
ഹൃദ്രോഗമുള്ളവർക്ക് ഹൃദയ തടസ്സങ്ങൾ മാറാൻ സൈക്കിൾ വ്യായാമംസഹായകമാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഹൃദയ പ്രശ്നമുള്ളവർ ഡോക്ടറുടെ ഉപദേശത്തിൽ സൈക്കിളിങ് തുടങ്ങിയാൽ ആറ് മാസം മുതൽ ഒരു കൊല്ലത്തിനുള്ളിൽ ഫലംചെയ്തുതുടങ്ങും. രക്താധിമർദ്ദവും കുറക്കാനാകും. നടുവേദന, തോള് വേദന, അരക്കെട്ടിന് മീതെഅസ്ഥി സംബന്ധമായ അസുഖങ്ങളുള്ളവർക്ക് സൈക്കിളിങ് കൊണ്ട് പ്രത്യേകിച്ച് ഗുണവുമില്ല.
സൈക്കിൾ വ്യായാമം കൊണ്ട് ശ്വസന ശേഷി കൂട്ടാനാകും. കാലിലെ മസിലുകളുടെ ശക്തി കൂടം. ക്ഷീണം ഉണ്ടാകില്ല. ദഹനപ്രക്രിയയും സുഗമമാകും. മറ്റ് വ്യായാമങ്ങളിൽ മിനിമം ഹെൽത്ത് ലെവലിൽ തുടങ്ങണമെങ്കിൽ പൂജ്യം ലെവലിൽ നിന്ന് സൈക്കിൾ വ്യായാമം തുടങ്ങാനാകുമെന്ന പ്രത്യേകത കൂടിയുണ്ട്.അരക്കെട്ടിൽ നിന്ന് മുതുക് വരെയുള്ള എല്ലാ മസിലുകളും ഭാഗങ്ങളും സൈക്ലിങിൽ പ്രവർത്തിക്കുന്നതിനാലുള്ള ഗുണം കൂടിയാണത്.
സൈക്കിൾ പാത്ത് എന്തിന്
ചില വിദേശ രാജ്യങ്ങളിൽ സൈക്കിൾ പോകാൻ വെള്ള വര കൊണ്ട് അതിർത്തി തിരിച്ചിട്ടുണ്ട്. അതിന് മുകളിൽ കാറോ മറ്റ് വാഹനങ്ങളോ ഓടിച്ചാൽ പിഴയാണ്. കൊച്ചിയിൽ പോയാലും ഈ സൈക്കിൾ വര കാണാം. പക്ഷേ അതിന് മുകളിൽ പാർക്ക് ചെയ്ത പത്തുനാൽപത് കാറുകൾ മാറ്റിനോക്കേണ്ടിവരുമെന്ന് മാത്രം.നിയമം കർശനമായി പാലിച്ചാൽ സൈക്കിൾ പാത്ത് ആവശ്യമില്ല. അതില്ലാത്ത സാഹചര്യത്തിലാണ് സൈക്കിളിന് വഴിവെട്ടേണ്ടിവരുന്നത്. നിയമങ്ങളുടെ പാലനമാണ് ആവശ്യം. അതിനുള്ള ശിക്ഷ കർശനമായി നടപ്പാക്കണം. കേരളത്തിൽ നിയമങ്ങൾ കൂടുതലും പാലനം കുറവുമാണ്. അതിനാൽ ഇവിടെ വരയ്ക്കുന്ന വെള്ളവര ഫേയ്ക്കുമാണ്