ബാറ്റ് ചെയ്യുകയായിരുന്ന ബാറ്റർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞതിനു ബംഗ്ലദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ ശിക്ഷിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു സംഭവം. ബംഗ്ലദേശ് – പാക്കിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് സംഭവം ഉണ്ടായത്. The Bangladesh all-rounder threw the ball towards the batter
ബാറ്റ് ചെയ്യുകയായിരുന്ന പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ‌്‌വാനെതിരെ പന്ത് വലിച്ചെറിഞ്ഞതിനാണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനം ഷാക്കിബിൽനിന്ന് പിഴയായി ഈടാക്കിയ ഐസിസി, താരത്തിനുമേൽ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.
പാക്കിസ്ഥാൻ ഇന്നിങ്സിലെ 33–ാം ഓവർ ബോൾ ചെയ്തത് ഷാക്കിബ് അൽ ഹസൻ. ഓവറിലെ രണ്ടാം പന്ത് എറിയാനായി ഷാക്കിബ് റണ്ണപ്പ് എടുത്ത് ക്രീസിലേക്ക് എത്തുമ്പോൾ, മറുവശത്ത് റിസ്‌വാൻ ബാറ്റിങ്ങിനായി തയ്യാറെടുക്കുന്നതേ ഉണ്ടായിരുന്നുള്ളു.
ഇതോടെ കുപിതനായ ഷാക്കിബ് പന്ത് റിസ്‌വാനു നേരെ വലിച്ചെറിയുകയായിരുന്നു. റിസ്‌വാന്റെ തലയ്ക്കു നേരെയാണ് പന്ത് വന്നതെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയതോടെ പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലേക്കു പോയി.
ബാറ്റർക്കു നേരെ പന്തു വലിച്ചെറിഞ്ഞതിലൂടെ ഷാക്കിബ് ലെവൽ വൺ കുറ്റമാണ് ചെയ്തതെന്ന് കണ്ടെത്തിയ ഐസിസി, ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 പ്രകാരം ഷാക്കിബിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തുകയും ഒരു ഡീമെറിറ്റ് പോയിന്റ് നൽകുകയും ചെയ്തു.