ലോകമൊട്ടാകെ ഇന്ന് യോഗാദിനമായി ആചരിക്കുകയാണ്. എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് കേരളത്തിൽ ഒരു സമ്പൂർണ യോഗാ ഗ്രാമമുണ്ട് എന്നത്. yoga village
ഇടുക്കിയിലെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ കോഴിയളക്കുടിയാണ് ആ യോഗാ ഗ്രാമം. വനവാസി വിഭാഗക്കാർ താമസിക്കുന്ന ഈ ഗ്രാമത്തിൽ യോഗയിലൂടെ നിരവധിമാറ്റങ്ങളാണ് സംഭവിച്ചത്.
യോഗയിലൂടെ ആത്മീയമായും ശാരീരികമായും മാറ്റങ്ങൾ സംഭവിച്ചെന്നാണ് കോഴിയളക്കുടി ഗ്രാമനിവാസികൾ പറയുന്നത്.പതിനഞ്ച് വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് കോഴിയളക്കുടിയെ സമ്പൂർണ യോഗാ ഗ്രാമമാക്കി മാറ്റിയത്.
75 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ശ്രീ ശ്രീ രവിശങ്കരന്റെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഇവിടെ യോഗ പരിശീലിപ്പിക്കുന്നത്. അടിമാലി സ്വദേശിയായ അനിൽ കുമാറാണ് വർഷങ്ങളായി യോഗാ ക്ലാസുകൾ എടുക്കുന്നത്.
മുതുവാൻ വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുടിയിലെ താമസക്കാർ. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാടിന്‍റെ വന്യതയിൽ കഴിച്ചു കൂട്ടിയിരുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇവിടെ ഉണ്ടായിരുന്നത്.
മാറ്റമില്ലാത്ത ദിനചര്യ തുടർന്ന് പോന്ന ഈ കൂട്ടരുടെ ജീവിത രീതി ഇന്ന് മറ്റൊരു തലത്തിലാണ്. കുടിക്കാർ യോഗ പരിശീലിച്ചു തുടങ്ങിയതോടെയാണ് ഈ മാറ്റങ്ങൾ അത്രയും ഉണ്ടായത്.
അടിമാലിയില്‍ നിന്ന് മാങ്കുളത്തെ കുടിയിലെത്തി യോഗ ക്ലാസുകൾ സംഘടിപ്പിച്ച അനിൽകുമാറിന്‍റെ നിര്‍ദേശങ്ങള്‍ കുടിക്കാര്‍ ആക്ഷരം പ്രതി പാലിക്കുകയായിരുന്നു. പുറം ലോകവുമായി ഇഴുകിച്ചേരാന്‍ മടിച്ചിരുന്ന കോഴിയളക്കുടിക്കാര്‍ ഇന്ന് മടിയൊട്ടുമില്ലാതെ പുറം നാട്ടുകാരുമായി ബന്ധപ്പെടുന്നു.
അവരുടെ കാര്യങ്ങള്‍ നിവൃത്തിക്കുന്നു.യോഗ പരിശീലിപ്പിക്കുന്നതോടൊപ്പം കുടിയിലെ ഭൗതിക വികസനം സാധ്യമാക്കാനും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ചെയ്‌തു വരുന്നു. കുടിക്കാരെ സ്വയം പര്യപ്‌തതയിലേക്ക് നയിക്കുന്നതിനും അനില്‍കുമാര്‍ ശ്രദ്ധിച്ചു.
കുടിയിലുള്ളവരുടെ ജീവിതനിലവാരം ഉയര്‍ത്താനും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാനും ആര്‍ട്ട് ഓഫ് ലിവിങ്ങും തയാറായി.കോവിഡിലും പ്രളയത്തിലും ഇവിടത്തെ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ചു. യോഗ പരിശീലനം ഈ കുടുംബങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം വലുതാണ്.
ഇവിടുത്തെ സ്‌ത്രീകൾ പൊതുമധ്യത്തിൽ സംസാരിക്കുന്നവരായിരുന്നില്ല. കാര്യങ്ങൾ ഗ്രഹിച്ച്, സ്വയം പര്യപ്‌തതയിലേക്ക് മുന്നേറുകയാണ് ഈ കുടിയിലെ സ്‌ത്രീകളും മുതിർന്നവരും. പ്രദേശത്തെ മറ്റ് വനവാസി കുടികളിലേക്കും യോഗ പരിശീലനം വ്യാപിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് അനില്‍ കുമാര്‍.