വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരക്കുട്ടിയായ കായ് മാഡിസൺ ട്രംപിനെ വിവാഹം കഴിക്കണമെന്ന മോഹവുമായി മതിൽ ചാടിക്കടന്ന 23 വയസുകാരൻ പിടിയിൽ.
പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാർ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്. പിടിക്കപ്പെട്ടതിന്റെ പിന്നാലെ ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുവാവ് സീക്രട്ട് സർവീസ് ഏജന്റുമാരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്.
ആന്റണി തോമസ് റെയ്‌സ് എന്നറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരനെ അർധരാത്രിയിലാണ് യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർ പിടികൂടുകയായിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിലും റെയ്‌സ് ഇതുപോലെ മാർ എ ലാഗോയിൽ അതിക്രമിച്ചുകയറിയതിനെത്തുടർന്ന് പിടിക്കപ്പെട്ടിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
മാർ എ ലാഗോയിലെത്തി ട്രംപുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ ചെറുമകളെ വിവാഹാലോചന നടത്താനുമായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്.
ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെയും വനേസ ട്രംപിന്റെയും മകളാണ് കായ് മാഡിസൺ ട്രംപ്. സംഭവം നടക്കുമ്പോൾ ട്രംപ് ഇവിടെയുണ്ടായിരുന്നില്ല, യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലായിരുന്നു. താൻ കുറ്റക്കാരനല്ലെന്ന് റെയ്‌സ് കോടതിയിൽ പറഞ്ഞു.