ചെന്നൈ: മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നവവധുവാക്കി തമിഴ്നാട്ടിലെ ഡിഎംകെ പോസ്റ്റർ. പോസ്റ്ററിലെ ചെറിയ അക്ഷരപ്പിശകാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്റ്റാലിന്റെ ഫോട്ടോയ്ക്ക് പിന്നിലായി എഴുതിയിരിക്കുന്ന വാചകത്തിലാണ് പിശക് സംഭവിച്ചത്. പ്രൈഡ് ഓഫ് തമിഴ്നാട് എന്നതിന് പകരം ബ്രൈഡ് ഓഫ് തമിഴ്നാടെന്നാണ് എഴുത്ത്. Pക്ക് പകരം B ആയതാണ് ട്രോളിന് കാരണം.
ചെന്നൈ ഷോലിംഗല്ലൂരിലെ ഡിഎംകെ പ്രവർത്തകരാണ് സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാൻ പോസ്റ്റർ സ്ഥാപിച്ചത്. എന്നാൽ തമിഴ്നാടിന്‍റെ അഭിമാനം തമിഴ്നാടിന്‍റെ ‘നവവധു’ ആയപ്പോൾ പ്രതിപക്ഷത്തിന് അത് കിട്ടിയ അവസരമായി. ബിജെപിയുടെയും എഐഎഡിഎംകെയുടെയും നിരവധി ട്രോളുകളാണ് ഇതിനോടകം പുറത്തു വന്നത്. ‘ബ്രൈഡ് ഓഫ് തമിഴ്നാട് മാറിപ്പോയതാണോ’, ‘ആരാണ് വരൻ’, ‘സംഭവം കൊള്ളാം പക്ഷേ ആർക്ക് വേണം ഈ വധുവിനെ’ തുടങ്ങി നീളുന്നു പരിഹാസം.
ഇത് ആദ്യമായല്ല ഡിഎംകെ സർക്കാരിന്റെ പോസ്റ്ററുകൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഐഎസ്ആര്‍ഒയുടെ പുതിയ സംരംഭം ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ചുള്ള പരസ്യവും വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങുന്ന പരസ്യത്തിലാണ് ചൈനീസ് പതാക പതിപ്പിച്ച റോക്കറ്റിന്റെ ചിത്രം കൂടി ഉൾപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് സർക്കാരിനെ ശാസിച്ചിരുന്നു.
Read Also: ഏലക്കയിൽ കീടനാശിനി; അരവണ വില്‍പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി