ചെന്നൈ: സംസ്ഥാനത്ത് സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് നടപടി. ലൈറ്ററുകൾ വ്യാപകമായതോടെ, തീപ്പെട്ടി വ്യവസായത്തെ സാരമായി ബാധിച്ചെന്നും കോവിൽപ്പെട്ടി നാഷണൽ സ്മോൾ മാച്ച് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പരമശിവം പറഞ്ഞു.
ലൈറ്ററുകൾ നിരോധിക്കാൻ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെന്നും പരമശിവം കൂട്ടിച്ചേർത്തു. ലൈറ്ററുകൾ വ്യാപകമായതോടെ തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. ഇതോടെ, തീപ്പെട്ടി വ്യവസായം കൂപ്പുകുത്താൻ തുടങ്ങിയെന്നും പരമശിവം വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ 70 ശതമാനംപേരും ലൈറ്ററുകൾ ഉപയോഗിക്കാൻ തുടങ്ങിയത് കനത്ത തിരിച്ചടിയായി മാറിയെന്ന് അസോസിയേഷൻ സെക്രട്ടറി ആർ. ഗോപാൽസാമി പറഞ്ഞു.
നാളെ മുതൽ എ.ടി.എം കൊള്ള! ഉപയോഗത്തിന് ചെലവേറും
കൊച്ചി: നാളെ മുതൽ സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം വെട്ടി കുറയ്ക്കാനും അധിക ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിക്കാനും റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകി.
മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ അഞ്ചും ഇടപാടുകൾ മാത്രമേ ഇനിമുതൽ സൗജന്യമായി ലഭിക്കു എന്ന് ബാങ്കുകൾ വ്യക്തമാക്കി. ഇതിലധികം ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് 21 രൂപയിൽ നിന്ന് 23 രൂപയായി ബാങ്കുകൾ കൂട്ടി.
ഇതോടൊപ്പം നികുതിയും ഉപഭോക്താവ് നൽകണം. പണം പിൻവലിക്കൽ മുതൽ ബാലൻസ് അറിയുന്നതു വരെയുള്ള സേവനങ്ങളെ ഇടപാടായി കണക്കാക്കിയാകും ഫീസ് ഈടാക്കുന്നത്.