തിരുവനന്തപുരം:കേരളത്തിൽ അരളിപ്പൂവിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയാൽ നഷ്ടം തമിഴ്‌നാടിന്. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കും ഓണത്തിന് പൂക്കളം ഒരുക്കുന്നതിനും തെക്കൻകേരളത്തിൽ മരണാനന്തര കർമങ്ങൾക്കും അരളിപ്പൂവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ദേവസ്വം ബോർഡ് നിരോധിച്ചാൽ അത് മറ്റ് ദേവസ്വങ്ങളും മാതൃകയാക്കും. ഇത് തമിഴ്‌നാടിലെ കർഷകർക്കും വ്യാപാരികൾക്കും വലിയതിരിച്ചടിയാകും.തിരുവനന്തപുരത്ത് പ്രധാനമായും തോവാളയുൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും കൊല്ലത്തും പരിസരപ്രദേശങ്ങളിലും തെങ്കാശിയിൽനിന്നും പൂവ് എത്തിക്കുന്നു.
ക്ഷേത്രങ്ങളിൽ നിവേദ്യം-പ്രാസാദ പൂജകൾക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഇപ്പോൾ ഏറക്കുറെ നിലച്ചിരിക്കുകയാണ്. മാധ്യമവാർത്തകളെത്തുടർന്ന് പൂജകളിൽനിന്ന് അരളിപ്പൂവ് പുറത്തായിത്തുടങ്ങി. പൂവിന് ഔദ്യോഗിക വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നിവേദ്യപൂജകൾക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൂവിൽ വിഷമുണ്ടെന്നു റിപ്പോർട്ട് കിട്ടിയാൽ നിരോധിക്കാനാണ് തീരുമാനം.വിഷമുണ്ടെന്ന് സംശയിക്കുന്നതിനാൽ കാലക്രമേണ ഒഴിവാക്കാനാണ് സാധ്യത. ക്ഷേത്രവളപ്പുകളിലും ഇപ്പോൾ അരളി വളർത്തുന്നുണ്ട്.