തിരുവനന്തപുരം: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരുടെ അന്നം മുട്ടിക്കുകയാണ് സപ്ലൈകോ ഔട്ട് ലെറ്റുകള്‍. സ്‌റ്റോക്ക് ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ വിവിധ ഔട്ട് ലെറ്റുകളില്‍ കയറിയിറങ്ങി പൊതുജനം മടുത്തു. ഒന്നും രണ്ടും വണ്ടികയറി സപ്ലൈകോയില്‍ സാധനങ്ങള്‍ വാങ്ങുന്നവരോട് എന്തിനാണ് സര്‍ക്കാരിന്റെ ക്രൂരത.
മിക്കയിടത്തും 13 സബ്‌സിഡി സാധനങ്ങളില്‍ മൂന്നെണ്ണം മാത്രമാണുള്ളത്. ബാക്കിയുള്ളതെല്ലാം വില കൂടിയ സാധനങ്ങള്‍. സബ് സിഡി നിരക്കിലുള്ള എണ്ണയും ഉഴുന്നും പഞ്ചസാരയുമൊക്കെ എവിടെയെന്ന് ചോദിച്ചാല്‍ സ്‌റ്റോക്കില്ല എന്ന മറുപടി മാത്രമാണ് ജീവനക്കാരുടെ മറുപടി. ഇനിയെന്ത് ചെയ്യുമന്ന് വിഷമിച്ചിരിക്കുന്ന സാധാരണക്കാരോട് മറുപടി പറയാന്‍ മന്ത്രിയില്ല. പകരം സബ്‌സിഡി ഇനങ്ങളുടെ വില വര്‍ധിപ്പിക്കണം എന്ന ആവശ്യം ന്യായമാണെന്ന് ചൂണ്ടിക്കാട്ടി പരസ്യപ്രഖ്യാപനം നടത്തുകയാണ് സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. ഈ ആവശ്യം ഉന്നയിച്ച് സപ്ലൈക്കോയുടെ കത്ത് സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി സര്‍ക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടത്. നല്ല രീതിയിലുള്ള വിപണി ഇടപെടലിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. താത്കാലിക ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുന്നതില്‍ തെറ്റില്ല. സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ക്രമീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടി.
അതേസമയം മന്ത്രി പറയുന്നതില്‍ യാതാരു കഴമ്പുമില്ലെന്നാണ് പന്ന്യന്‍ രവീന്ദ്രന്റെ രൂക്ഷവിമര്‍ശനം.
”വര്‍ഷങ്ങളോളം സപ്ലൈകോയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇനിയൊരു ജോലിക്ക് അപേക്ഷിക്കാന്‍ കഴിയാത്തവരാണ്. അങ്ങനെയുള്ളപ്പോള്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാലേ ശമ്പളം നല്‍കൂവെന്ന് പറയുന്നത് അനീതിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നീതിപൂര്‍വമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതാണ് താത്കാലിക ജീവനക്കാരോട് കാട്ടുന്ന ഈ നയം. ഇത് സര്‍ക്കാരിന് മേലുള്ള കറുത്ത പാടാണെന്നും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശിച്ചു. സംസ്ഥാന സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.