തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങുമോയെന്ന് ആശങ്ക. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണം കുടിശ്ശിക വന്നതോടെ കമ്പനികള്‍ നിര്‍ത്തി. സ്റ്റെന്റും പേസ്‌മേക്കറും മരുന്നുകളും അടക്കം വിതരണം ചെയ്യുന്ന കമ്പനികള്‍ ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള വിതരണം പൂര്‍ണമായും നിര്‍ത്തി. ആശുപത്രി അധികൃതര്‍ ഹെല്‍ത്ത് ഏജന്‍സിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ പണം ലഭിക്കാത്തതിനാല്‍ നല്‍കാനായിട്ടില്ല. റിപ്പോര്‍ട്ടര്‍ ഇന്‍വെസ്റ്റിഗേഷനിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
കാത്ത് ലാബ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും സ്റ്റെന്റും പേസ് മേക്കറും വാല്‍വും അടക്കമുള്ള ഇംപ്ലാന്റുകളും മരുന്നുകളും സ്റ്റോക്ക് നല്‍കുന്നത് നിര്‍ത്തി വെക്കാനാണ് വിതരണ കമ്പനികളുടെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് കത്ത് നല്‍കിയിതിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ടുമാര്‍ കമ്പനി പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിന്ന് മാത്രം 32 കോടിയിലേറെ രൂപയാണ് കമ്പനികള്‍ക്ക് കിട്ടാനുള്ളത്. 2017 മുതലുള്ള കുടിശ്ശിക വേറെയുമുണ്ട്. ഇതോടെ കമ്പനികള്‍ വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചു.
സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും അടക്കം സൗജന്യ ചികില്‍സയുടെ തുക ആശുപത്രികള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ ഹെല്‍ത് ഏജന്‍സിക്ക് പണം നല്‍കേണ്ട സര്‍ക്കാര്‍ അത് കൃത്യമായി നല്‍കാറില്ല. ഇത്തവണത്തെ ബജറ്റ് വിഹിതം 575 കോടി രൂപയാണ്. അതില്‍ 159 കോടി രൂപ ആദ്യം അനുവദിച്ചെങ്കിലും സൗജന്യ ചികില്‍സയിലെ പകുതി കുടിശ്ശിക പോലും നല്‍കാനായില്ല. ആശുപത്രികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറിയതോടെ വീണ്ടും സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി.