ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിൽ പാറ്റ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകും. സമൂഹമാധ്യമങ്ങളിലൂടെ ടീം അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയുടെ ഐഡൻ മാർക്രത്തിന് പകരക്കാനായാണ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകുന്നത്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയതാണ് കമ്മിൻസിനെ സൺറൈസേഴ്സ് നായക പദവിയിലേക്ക് എത്തിച്ചത്.
2016ൽ ഡേവിഡ് വാർണറിന് കീഴിൽ സൺറൈസേഴ്സ് ഐപിഎൽ കിരീടം നേടിയിരുന്നു. പിന്നീടുള്ള സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചാമ്പ്യൻഷിപ്പിലേക്ക് എത്താനായില്ല. എന്നാൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഓറഞ്ച് ആർമിയുടെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണിൽ അയ്ഡാൻ മാക്രം നയിച്ച സൺറൈസേഴ്സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഇത്തവണത്തെ ലേലത്തിൽ 20.50 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. ഒപ്പം ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡും ടീമിലെത്തി. ബാറ്റിംഗിലും ബൗളിംഗിലും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ്.