ദേവിന റെജി
മാസ്മരിക ശബ്ദത്താല്‍ സംഗീത പ്രേമികളുടെ മനസ് കവര്‍ന്ന എസ് പി ബി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. പ്രായത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചു മുന്നോട്ടുപോയിരുന്ന ആ ശബ്ദം ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം എന്നന്നേക്കുമായി നിലച്ചുപോയപ്പോള്‍ അവസാനിച്ചത് ജനപ്രിയസംഗീതത്തിന്റെ ഒരു കാലഘട്ടം കൂടിയാണ്.
റേഡിയോ കാലം മുതല്‍ സ്മാര്‍ട് ഫോണ്‍ കാലം വരെ, ഒരാഘോഷമായി നിത്യജീവിതത്തിലേക്ക് കൂട്ടുവന്നതാണ് എസ്. പി.ബാലസുബ്രഹ്‌മണ്യം.
അമ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1969 -ല്‍ കയ്യില്‍ നിന്നും വഴുതിപ്പോയേക്കാവുന്ന ഒരവസരം, എം.ജി.ആറിന്റെ പ്രത്യേക താല്‍പര്യം കൊണ്ട് വീണു കിട്ടിയ ‘ആയിരം നിലവേ വാ’ എന്ന പാട്ട്, അടിമൈ പെണ്ണിനു’ വേണ്ടി തമിഴില്‍ പാടി തുടങ്ങിയതാണ് എസ്. പി. ബി. പിന്നീടദ്ദേഹം’പാടും നിലാ’ എന്ന് തന്നെ തമിഴ്നാട്ടില്‍ അറിയപ്പെട്ടു. പല ജനുസ്സുകളിലുള്ള പാട്ടുകള്‍ പാടി. പ്രദേശവ്യത്യാസമില്ലാതെ മനസ്സുകളെ വശീകരിച്ചു. എല്ലാവര്‍ക്കും പ്രിയമുള്ള ഗായകനായി ജീവിച്ചു.
എഞ്ചിനീയറിംഗിനിടയിലും പാട്ടിന്റെ വഴിയേ
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയില്‍
ഹരികഥാ കലാകാരനായ എസ് പി സാംബമൂര്‍ത്തിയും ശകുന്തളാമ്മയുടെയുമായിരുന്നു മകനായ എസ് പി ബിക്ക് താല്‍പര്യം സംഗീതത്തോടായിരുന്നു. പക്ഷേ മകനെ എഞ്ചിനീയറായി കാണാനാണ് ആ മാതാപിതാക്കള്‍ ആഗഹിച്ചത്. എഞ്ചിനീയറിംഗ് പഠനത്തിനിടയിലും സംഗീതലോകത്ത് തിളങ്ങിയ എസ് പി ബി നിരവധി മത്സരങ്ങളില്‍ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും ഒരുപോലെ ഇണങ്ങുന്ന എസ് പി ബി ഗാനമേള ട്രൂപ്പില്‍ നിന്നുമാണ് ചലച്ചിത്രപിന്നണിഗാന രംഗത്ത് എത്തിപ്പെടുന്നത്. 1966-ല്‍ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ എന്ന ചിത്രത്തില്‍ പാടികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
എസ് പി ബിയുടെ സംഗീതലോകമോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തുക ‘കേളടി കണ്‍മണി’ എന്ന ചിത്രത്തിലെ ‘മണ്ണില്‍ ഇന്ത കാതല്‍’ എന്നു തുടങ്ങുന്ന ഗാനമാവും. ഭൂമിയില്‍ പ്രണയമുള്ള കാലത്തോളം ആഘോഷിക്കപ്പെട്ടേക്കാവുന്ന, മാജിക്കല്‍ സ്വഭാവമുള്ള ‘മണ്ണില്‍ ഇന്ത കാതല്‍’ എന്ന ഗാനം എസ് പി ബിയുടെ കരിയറിലെ ഏറെ ആഘോഷിക്കപ്പെട്ട പാട്ടുകളിലൊന്ന് കൂടിയാണ്. ‘ശങ്കരാഭരണ’ത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ പാട്ടുകള്‍ എസ് പി ബിയ്ക്ക് ദേശീയ അവാര്‍ഡും നേടി കൊടുത്തു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെയാണ് ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങള്‍ എല്ലാം എസ് പി ബി പാടിയത് എന്നതാണ് മറ്റൊരുവിസ്മയം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യന്‍ ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്.
25 തവണയാണ് ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് എസ് പിബിയെ തേടിയെത്തിയത്. പാട്ടിന്റെ പാലാഴി എന്നു വിശേഷിപ്പിക്കാവുന്ന എസ് പി ബിയെ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യംആദരിച്ചു.
ഒറ്റ ദിവസം കൊണ്ട് 21 പാട്ട്
പല ജനുസ്സുകളിലുള്ള പാട്ടുകള്‍ പാടി. പ്രദേശവ്യത്യാസമില്ലാതെ മനസ്സുകളെ വശീകരിച്ചു. എല്ലാവര്‍ക്കും പ്രിയമുള്ള ഗായകനായി ജീവിച്ചു. ഏതു കാലത്തും യുവതലമുറയുടെ ആവേശമായി തുടര്‍ന്ന എസ്. പി. ബി. പ്രായത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചു മുന്നോട്ടുപോയ ആ ശബ്ദം എന്നേക്കുമായി നിലച്ചുപോയപ്പോള്‍, ജനപ്രിയസംഗീതത്തിന്റെ ഒരു കാലഘട്ടം കൂടിയാണ് അവസാനിച്ചത്. പറിച്ചെറിയാന്‍ ആവാത്തത്രയും വേരുറച്ച പോയൊരുശബ്ദവൈകാരികത.
ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് റെകോര്‍ഡിനൊപ്പം തന്നെ ഒറ്റ ദിവസം 21 പാട്ട് റെക്കോര്‍ഡ് ചെയ്തും എസ്.പി.ബി അത്ഭുതം സൃഷ്ടിച്ചിരുന്നു. 1981 ഫെബ്രുവരി എട്ടിനായിരുന്നു ആ അത്ഭുത ദിനം. രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതുവരെയാണ് കന്നഡസിനിമയിലെ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകള്‍ പാടിയത്. ഒരു ദിവസം 19 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തും, പിന്നീടൊരിക്കല്‍ ഒരു ദിനം 16 ഹിന്ദി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തുമൊക്കെ എസ് പി ബി സംഗീതപ്രേമികളെയും ലോകത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.
Also Read:നടി സംയുക്ത വർമ്മ കുലസ്ത്രീ ആണോ ? ആരാധകർ ചോദിക്കുന്നു