ഇന്ന് ആകാശത്ത് ചന്ദ്രൻ ഒരുക്കുന്നത് അത്ഭുതക്കാഴ്ച്ച. സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് നേരിട്ട് കാണാനാകും. Sturgeon Moon phenomenon today; The moon in the sky is a wonderful sight
സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനും ഭൂമിയുടെ അടുത്തു നിൽക്കെ ദൃശ്യമാകുന്ന പൂർണചന്ദ്രനും ആയതുകൊണ്ടാണ് ഈ പ്രതിഭാസത്തെ ‘സൂപ്പർമൂൺ ബ്ലൂ മൂണെ’ന്ന് വിളിക്കുന്നത്.
സ്റ്റർജൻ മൂണെന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു. ഇന്നു രാത്രി 11.56-ന് തെളിഞ്ഞ ആകാശമാണെങ്കിൽ നിങ്ങൾക്കും ഈ ചാന്ദ്രവിസ്മയം നേരിൽ കാണാം.
ഭൂമിയുടെ ഭ്രമണ പഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തുനിൽക്കുന്ന സമയത്തെ പൂർണചന്ദ്രനാണ് സൂപ്പർമൂണെന്ന് അറിയപ്പെടുന്നത്.
ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂർണചന്ദ്രന്മാരിൽ ഒന്നാണ് ഇത്തവണത്തെ സൂപ്പർമൂൺ. നാല് പൂർണചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്.
രണ്ട് പൗർണമികളുള്ള മാസത്തിലെ രണ്ടാം പൗർണമിയെയും ബ്ലൂ മൂൺ എന്ന് വിളിക്കാറുണ്ട്. ബ്ലൂ മൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നിലനിറമുണ്ടാകില്ല.
സെപ്റ്റംബർ 17, നവംബർ 15, ഒക്ടോബർ 17 എന്നീ ദിവസങ്ങളിലെ ചന്ദ്രനും സൂപ്പർമൂണായിരിക്കും. സെപ്റ്റംബർ 17-ലെ ചന്ദ്രന്റെ ഒരുഭാഗത്ത് ഭൂമിയുടെ നിഴലേൽക്കുന്നതിനാൽ പകുതി മറഞ്ഞിരിക്കും. സൂപ്പർമൂൺ ഇന്നു മുതൽ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാൻ കഴിയും.