തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്കൂളിന്‍റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി സമരാനുകൂലികൾ. അരുവിക്കര എല്‍പിസ്‌കൂളില്‍ ജോലിക്കെത്തിയ അഞ്ച് അധ്യാപകരെയാണ് സ്‌കൂൾ മതിൽക്കെട്ടിന് ഉള്ളിലാക്കി സമരാനുകൂലികൾ ഗേറ്റ് പൂട്ടിയത്.
ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനൽകാതിരുന്നതോടെ പോലീസ് എത്തി പൂട്ടുതകർത്ത് അധ്യാപകരെ പുറത്തിറക്കുകയായിരുന്നു.
പണിമുടക്ക് ദിനത്തിൽ അധ്യാപകർ ജോലിക്കെത്തിയതിൽ പ്രകോപിതരായാണ് പ്രവർത്തകർ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതെന്നാണ് വിവരം. താക്കോലുമായി സമരക്കാർ പോകുകയും ചെയ്തു.
എന്നാൽ ഡ്യൂട്ടിസമയം കഴിഞ്ഞ് ഗേറ്റ് തുറക്കാം എന്നായിരുന്നു സമരക്കാരുടെ നിലപാട്. പക്ഷെ, സ്കൂളിന്‍റെ പ്രവർത്തനസമയമായ 3.30 കഴിഞ്ഞിട്ടും ഗേറ്റ് തുറന്നുനൽകിയില്ല. ഇതോടെയാണ് അരുവിക്കര സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പൂട്ട് തല്ലി തകർത്ത് അധ്യാപകരെ പുറത്തിറക്കിയത്.
അരുവിക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സമാനമായ രീതിയിൽ പ്രവർത്തകർ ഗേറ്റ് പൂട്ടിയിരുന്നു. 10 വനിതാ അധ്യാപകരും ഒരു പുരുഷ അധ്യാപകനും ഈ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നു. എല്‍പി സ്‌കൂളില്‍ സിഐ ഗേറ്റ് പൊളിച്ചതിന് പിന്നാലെ സമരക്കാര്‍ ഇവിടെയെത്തി വൈകുന്നേരത്തോടെ ഗേറ്റ് തുറന്നുനൽകുക ആയിരുന്നു.