ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്നും മാറ്റം അംഗീകരിക്കാനാവാത്ത സീനിയർ ക്യാബിൻ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നതെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് പറഞ്ഞു. അതേസമയം എയർ ഇന്ത്യ ഫ്ലൈറ്റ് റദ്ദാക്കൽ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസിലെ ഇരുന്നൂറിലേറെ ജീവനക്കാരാണ് പണിമുടക്കുന്നത്. ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത് 70 ലേറെ സർവീസുകളാണ്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. കഴിഞ്ഞ രാത്രി മുതൽ ക്രൂ അംഗങ്ങൾ സിക്ക് ലീവ് എടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയിലായ യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
തിരുവനന്തപുരത്തുനിന്നു ഷാർജയിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നത്. വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, വീസ റദ്ദാകുന്നവർ അടക്കം ഈ വിമാനത്തിലുണ്ടായിരുന്നു.
Read More: പാനൂരിലെ പ്രണയപ്പക: വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്