കാലിഫോർണിയ: ലോകാവസാനത്തെ കുറിച്ചുള്ള സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രവചനങ്ങളെ തള്ളി നാസ രംഗത്ത്. 2600ൽ ഭൂമി ഒരു തീഗോളമായി മാറുമെന്ന സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രവചനത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് നാസ പറയുന്നത്.
ഭൂമി 2600ൽ അവസാനിക്കുമെന്ന് പറയാൻ നാസ തയ്യാറല്ലെന്നായിരുന്നു വക്താവിൻറെ പ്രതികരണം. എന്നാൽ സ്റ്റീഫൻ ഹോക്കിങ് മുന്നോട്ടുവെച്ച ചില ആശങ്കകളെ മുഖവിലയ്ക്കെടുക്കുന്നുണ്ടെന്ന് നാസ വ്യക്തമാക്കുന്നു. അതേസമയം, ഭൂമിയുടെ ഭാവിക്ക് ഭീഷണിയാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള പഠനങ്ങളുമായി മുന്നോട്ടുപോകുമെന്നും നാസ വക്താവ് പറഞ്ഞു.
സ്റ്റീഫൻ ഹോക്കിങ് തൻറെ പ്രവചനങ്ങളിൽ ഭൂമിയുടെ അവസാനത്തെ കുറിച്ച് ചില സൂചനകൾ പുറത്തുവിട്ടിരുന്നു. മരണത്തിന് തൊട്ടുമുമ്പ് 2018ൽ ദി സെർച്ച് ഫോർ ന്യൂ എർത്ത് എന്ന ഡോക്യുമെൻററിയിലായിരുന്നു ഭൂമിയുടെ അവസാനത്തെ കുറിച്ചുള്ള തൻറെ പ്രവചനങ്ങൾ സ്റ്റീഫൻ ഹോക്കിങ് പറഞ്ഞത്.
2600-ാം വർഷത്തെ കുറിച്ചായിരുന്നു ഹോക്കിങിൻറെ അവിശ്വസനീയ പ്രവചനം. മനുഷ്യൻ ഭൂമിയെ ഉപയോഗിക്കുന്നതിൽ കാതലായ മാറ്റങ്ങൾക്ക് തയ്യാറായില്ലെങ്കിൽ ഭൂമിയൊരു ഭീമാകാരൻ തീഗോളമായി മാറും എന്നായിരുന്നു സ്റ്റീഫൻ ഹോക്കിങിസ് പറഞ്ഞത്.
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങൾ, ഹരിതഗ്രഹ വാതകങ്ങൾ എന്നിവയെല്ലാം ഭൂമിയുടെ നാശത്തിന് വഴിവെക്കും എന്ന് ഹോക്കിങിസ് മുന്നറിയിപ്പ് നൽകി.
ഭൂമിയിൽ മനുഷ്യൻറെ സുസ്ഥിരമല്ലാത്ത ഊർജ്ജ ഉപഭോഗത്തിൻറെയും അമിത ജനസംഖ്യയുടെയും അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് സ്റ്റീഫൻ ഹോക്കിങ് ഈ ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തിയത്. അതിവേഗം വളരുന്ന ജനസംഖ്യ ഭൂമിയെ അസഹനീയവും ചുട്ടുപൊള്ളുന്നതുമായ ഗ്രഹവും വാസയോഗ്യമല്ലാതാക്കി മാറ്റുകയും ചെയ്യുമെന്നും ഹോക്കിങ് പറയുന്നു.