തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിൽ ജീവനക്കാരും രോഗികളും കുടുങ്ങി. ആശുപത്രിയിൽ ഈ അടുത്ത് ഉദ്ഘാടനം നടത്തിയ പുതിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് സംഭവം. ഓവർലോഡ് കാരണം തകരാർ സംഭവിച്ച് ജീവനക്കാരും രോഗികളും കുടുങ്ങുകയായിരുന്നു. അരമണിക്കൂറിലേറെ സമയം ഇവർ ലിഫ്റ്റിനകത്ത് കുടുങ്ങി. ഒടുവിൽ ലിഫ്റ്റിന്റെ ഡോർ വലിച്ചിളക്കിയാണ് രക്ഷപ്പെടുത്തിയത്.(Staff and patients stuck in lift of Taluk Hospital; Rescued after pulling the door)
കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിലും സമാന സംഭവം നടന്നിരുന്നു. അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ തിരുമല സ്വദേശി രവീന്ദ്രനാണ് രണ്ട് ദിവസം ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു തിരുമല സ്വദേശിയും നിയമസഭയിലെ താൽക്കാലിക ജീവനക്കാരനുമായ രവീന്ദ്രൻ.
ദിവസങ്ങള്‍ക്ക് ശേഷം രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു.