ഏഴാച്ചേരി: വൈദികനും മേൽശാന്തിയും ചേർന്ന് ക്ഷേത്ര മുറ്റത്തും പള്ളിയങ്കണത്തിലും തേൻ വരിക്കപ്ലാവിൻ തൈകൾ നട്ടത് വലിയ വാർത്തയായിരുന്നു.
നാട്ടിലെ മത മൈത്രിയുടെ തേൻ തൈ ആണ് തങ്ങൾ ഒരുമിച്ചു നടുന്നതെന്നും ഇത് ഏഴാച്ചേരി ഗ്രാമത്തിൻ്റെ വിശുദ്ധിയും തണലുമായി മാറുമെന്നും അന്നേ പറഞ്ഞിരുന്നു. അതേ പള്ളിയും ക്ഷേത്രവും അതിൻ്റെ ഭാരവാഹികളും വീണ്ടും വാർത്തകളിൽ നിറയുകയാണ്.
സെന്റ് ജോണ്‍സ് പള്ളിയിലെ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിലേക്ക് ക്ഷേത്രം ഭാരവാഹികളെ സ്വാഗതം ചെയ്ത് വികാരിയച്ചൻ കത്തയച്ചു.
കത്തിനോട് പ്രതികരിച്ച ക്ഷേത്രം ഭാരവാഹികള്‍ പെരുന്നാളിന് കമാനമൊരുക്കിയാണ് ആശംസകള്‍ നേര്‍ന്നത്. നാടിന്റെ എന്നല്ല സംസ്ഥാനത്തിൻ്റെ തന്നെ മതമൈത്രിയുടെ നേര്‍ക്കാഴ്ചയായി ഇതു മാറി.
സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ഭരണസമിതിക്കാണ് കത്ത് നല്‍കിയത്.
ക്ഷേത്രാധികാരികള്‍ പള്ളിക്ക് നല്‍കി ക്കൊണ്ടിരിക്കുന്ന എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പറഞ്ഞ വികാ രിയച്ചന്‍ തിരുനാളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും കത്തില്‍ കുറിച്ചു.
തിരുനാളിന്റെ നോട്ടീസുകള്‍ സഹിതമാണ് വികാരിയച്ചന്‍ കാവിന്‍പുറം ക്ഷേത്രം ഭാരവാഹികള്‍ക്ക് കത്ത് കൊടുത്തത്. അങ്ങേയറ്റം ആദരവോടെയും സ്നേഹത്തോടെയും ഈ കത്ത് കൈപ്പറ്റിയ കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ അടിയന്തിര യോഗം ചേരുകയും തിരുനാള്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വിവിധ ഭാഗങ്ങളില്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.
ഏഴാച്ചേരി പള്ളിയിലെ വിശുദ്ധ സ്നാപകയോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള വലിയ ബോര്‍ഡുകള്‍ ക്ഷേത്ര കവാടത്തിലും കാവിന്‍ പുറം ജംഗ്ഷനിലുമാണ് സ്ഥാപിച്ചത്.
ഇന്ന് നടക്കുന്ന പ്രദക്ഷിണ സംഗമത്തിലും മറ്റ് ചടങ്ങുകളിലും കരയോഗം ഭാരവാഹികളുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് 7.30 ന് കുരിശുപള്ളി കവലയില്‍ ചതുര്‍ദിശ പ്രദക്ഷിണ സംഗ മം നടക്കും. ചെറുനിലം, ഏരിമറ്റം, ഗാന്ധിപുരം, ഏഴാപ്പേരി ബാജ് ഭാ ഗം എന്നീ നാല്‍ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന പ്രദക്ഷിണങ്ങള്‍ കുരിശുപള്ളി കവലയില്‍ സംഗമിക്കും. തുടര്‍ന്ന് ഫാ. ജോസഫ് ആലഞ്ചേരി പ്രസംഗിക്കും. 8 ന് പള്ളിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം, 8.45ന് പ്രദക്ഷിണ വരവേല്പ്, 9 ന് ആകാശവിസ്മയം എന്നിവയാണ് പ്രധാന പരിപാടികള്‍.