കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു. അപകടത്തിൽ ഇരു കാലിലും ഒടിവും ചതവുമേറ്റ ശ്രുതിക്ക് ഇടതുകാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.അച്ഛൻ്റെ സഹോദരൻ്റെ മുണ്ടേരിയിലെ വീട്ടിലേക്കാണ് പോവുന്നതെന്നും ഇനി വിശ്രമത്തിൽ തുടരുമെന്നും ശ്രുതി പ്രതികരിച്ചു.(sruthi discharged from hospital)
ശ്രുതിയുടെ ഡിസ്‌ചാർജുമായി ബന്ധപ്പെട്ട് ടി സിദ്ധിഖ് എംഎൽഎ ആശുപത്രിയിലെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം മല്ലു രവി എന്ന വ്യക്തി ശ്രുതിയുടെ ചികിത്സാ ചെലവ് വഹിച്ചെന്നും, ശ്രുതിക്ക് നാളെ തന്നെ വർക്ക് ഫ്രം ഹോം ചെയ്യാൻ ലാപ്ടോപ് വീട്ടിൽ എത്തിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ മുഖമായി ശ്രുതിയെ മാറ്റിയെടുക്കുമെന്നും ടി സിദ്ധിഖ് കൂട്ടിച്ചേർത്തു.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് ഉറ്റ ബന്ധുക്കളായ ആറ് പേരെ കൂടി നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ജോലി ചെയ്യുകയായിരുന്നതിനാൽ ശ്രുതി ദുരന്തത്തിൽ ഇരയായില്ല. പിന്നീട് വയനാട്ടിലെത്തിയ ശ്രുതിക്ക് മാനസിക പിന്തുണ നൽകി ഒപ്പം നിന്നത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു.
എന്നാൽ ദുരന്തം വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസന്റെ ജീവനും കവർന്നു. കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ജെൻസൺ ഓടിച്ച മാരുതി ഒമ്നി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുരന്തത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൺ ആശുപത്രിയിൽ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ശ്രുതിയടക്കം ഒൻപത് പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു.