വിവിധ എഐ പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ തിരിച്ചറിയുന്നത് പുതിയൊരു വെല്ലുവിളി ആയിരിക്കുകയാണ് . പലതും യഥാർത്ഥമെന്ന് തോന്നുന്നവയാണ് . എഐ ഉള്ളടക്കങ്ങൾ ഉപയോഗിച്ച് പലവിധത്തിലുള്ള വ്യാജ പ്രചാരണങ്ങളും നിലവിൽ നടക്കുന്നുമുണ്ട് . അതിനാൽ അവയെ തിരിച്ചറിയാൻ പുതിയ സംവിധാനം ഒരുക്കുകയാണ് മുൻനിര സാമൂഹിക മാധ്യമ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസ്.
ഫേസ്ബുക്ക് ഇനിമുതൽ മറ്റ് കമ്പനികൾ നിർമിക്കുന്ന എഐ ചിത്രങ്ങൾ കണ്ടെത്തി പ്രത്യേകം ലേബൽ നൽകും. എഐ നിർമിത ചിത്രങ്ങളിലുള്ള അദൃശ്യമായ മാർക്കറുകൾ ഉപയോഗിച്ച് അവയെ തിരിച്ചറിയുകയും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പായി ലേബൽ നൽകുകയും ചെയ്യും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ അപ് ലോഡ് ചെയ്യുന്ന എഐ ചിത്രങ്ങൾക്കാണ് ലേബൽ നൽകുകയെന്ന് കമ്പനിയുടെ ഗ്ലോബൽ അഫയേഴ്‌സ് പ്രസിഡന്റ് നിക്ക് ക്ലെഗ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ജനറേറ്റീവ് എഐ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ സാങ്കേതിക വിദ്യാ രംഗം സ്വീകരിക്കുന്ന ആദ്യ നടപടികളിലൊന്നുകൂടിയാണിത്. രാഷ്ട്രീയത്തിൽ ഉൾപ്പടെ എഐ ഉള്ളടക്കങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനിടയുള്ളതിനാൽ അവയെ കുറിച്ച് മുന്നറിയിപ്പ് നൽകേണ്ട ഉത്തരവാദിത്വം കമ്പനികൾക്കുണ്ട്.കുട്ടികളെ ചൂഷണം ചെയ്യുന്നതും, അക്രമാസക്തവുമായ ഉള്ളടക്കങ്ങൾ ഉൾപ്പടെ നിരോധിത ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യുന്നതിനും അവയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമായി സ്വീകരിച്ച നടപടികൾക്ക് സമാനമായിരിക്കും ഇത്. എഐ നിർമിത ചിത്രങ്ങളിൽ അദൃശ്യ മാർക്കറുകൾ നൽകുന്നത് കമ്പനികൾക്ക് സാധ്യമാണെങ്കിലും വീഡിയോയിലും ഓഡിയോയിലും എഐ നിർമിതമാണെന്ന് കാണിക്കുന്ന മാർക്കറുകൾ നൽകുന്നത് സങ്കീർണമാണ്. അതിനുള്ള സാങ്കേതിക വിദ്യ ഇനിയും വികസിപ്പിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ എഐ നിർമിതമായ ഓഡിയോ വീഡിയോ ഉള്ളടക്കങ്ങളിൽ ലേബൽ നൽകാൻ ഉപഭോക്താക്കളോട് തന്നെ ആവശ്യപ്പെടുമെന്നും അല്ലാത്തപക്ഷം പിഴ ചുമത്തുമെന്നും ക്ലെഗ് പറയുന്നു.
Read Also : ഗൂഗിളിൽ വീണ്ടും കൂട്ടപിരിച്ചു വിടൽ; തൊഴിൽ നഷ്ടമാകുക പരസ്യ മേഖലയിലെ നൂറുകണക്കിന് ജീവനക്കാർക്ക്