യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ജോർജിയൻ വലയിൽ നാലുതവണ നിറയൊഴിച്ച് സ്പെയിൻ ക്വാർട്ടറിൽ. സെൽഫ് ഗോളിൽ മുന്നിലെത്തിയ ജോർജിയക്ക് റോഡ്രിയുടെയും ഫാബിയൻ ലൂയിസിന്റെയും നികൊ വില്യംസിന്റെയും ഡാനി ഒൽമോയുടെയും ഗോളുകളിലൂടെ മറുപടി നൽകിയാണ് സ്പെയിൻ 4-1ന് ജയിച്ചുകയറിയത്.Spain scored four times in the Georgian net in the quarter
പന്തവകാശത്തിലും പാസിങ്ങിലുമെല്ലാം സ്പെയിൻ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ആദ്യ പകുതിയിൽ അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ജോർജിയയും ഗോൾ ഭീഷണിയുയർത്തി. ജോർജിയൻ ഗോൾകീപ്പർ ഗ്യോർഗി മമർദഷ്‍വിലിയുടെ സേവുകളും സ്പെയിനെ തടഞ്ഞു നിർത്തി.
എന്നാൽ രണ്ടാം പകുതിയിൽ സ്പെയിനിന്റെ ഉജ്വല മുന്നേറ്റങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ആദ്യ യൂറോ ചാംപ്യൻഷിപ് കളിക്കുന്ന ജോർജിയക്കായില്ല. ജൂലൈ 5ന് ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്പെയിൻ ജർമനിയെ നേരിടും.
തുടക്കം മുതൽ എതിർ ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ സ്പെയിനിനൊത്ത എതിരാളികളാകാൻ ഒരു ഘട്ടത്തിലും ജോർജിയക്കായില്ല.
മനോഹര പാസിങ് ഗെയിമിലൂടെ എതിർ ബോക്സിലേക്ക് സ്പെയിൻ നിരന്തരം കടന്നുകയറിയെങ്കിലും ആദ്യപകുതിയിൽ എതിർ ഗോൾകീപ്പറും പ്രതിരോധ താരങ്ങളും ചേർന്ന് തടഞ്ഞുനിർത്തി.
18ാം മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി അപ്രതീക്ഷിതമായി സ്പാനിഷ് വലയിൽ പന്തുമെത്തി. ജോർജിയൻ കൗണ്ടർ അറ്റാക്കിനിടെ കാകബദ്സെയുടെ ക്രോസ് തടയാനുള്ള ശ്രമത്തിൽ റോബിൻ ലെ നോർമാൻഡിന്റെ ദേഹത്ത് തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.
എന്നാൽ, ജോർജിയയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. ആദ്യപകുതി അവസാനിക്കാൻ ആറ് മിനിറ്റ് ശേഷിക്കെ നികോ വില്യംസ് നൽകിയ പാസ് റോഡ്രി ജോർജിയൻ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
രണ്ടാം പകുതിയിലും സ്പെയിൻ ആധിപത്യം തുടർന്നതോടെ ജോർജിയൻ ഗോൾകീപ്പർക്കും പ്രതിരോധത്തിനും വിശ്രമമില്ലാതായി. ലമീൻ യമാൽ എടുത്ത ഫ്രീകിക്ക് ആയാസപ്പെട്ടാണ് ഗോൾകീപ്പർ തടഞ്ഞിട്ടത്.
എന്നാൽ, മിനിറ്റുകൾക്കകം കൗമാര താരത്തിന്റെ സൂപ്പർ ക്രോസിൽ ഫാബിയൻ റ്യൂസ് സ്പെയിനിനെ മുന്നിലെത്തിച്ചു. ഇതിനിടെ രണ്ട് സുവർണാവസരങ്ങൾ യമാൽ പുറത്തേക്കടിച്ചു. മറ്റൊരു തവണ എതിർതാരത്തിന്റെ കാലിൽ തട്ടി വലയിൽ കയറിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു.
എന്നാൽ, 75ാം മിനിറ്റിൽ സ്പെയിൻ ഗോളെണ്ണം മൂന്നാക്കി. ഫാബിയൻ റ്യൂസ് നൽകിയ ലോങ് പാസ് പിടിച്ചെടുത്ത് ഒറ്റക്ക് മുന്നേറിയ നികൊ വില്യംസ് എതിർ ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
തൊട്ടുപിന്നാലെ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം ഡാനി ഒൽമൊ നഷ്ടമാക്കിയപ്പോൾ ലാമിൻ യമാലിന്റെ ശ്രമം ഗോൾകീപ്പർ പണിപ്പെട്ട് തടഞ്ഞിട്ടു. നിശ്ചിത സമയം അവസാനിക്കാൻ ഏഴ് മിനിറ്റ് ശേഷിക്കെ സ്പെയിൻ നാലാം ഗോളും നേടി.
ഇത്തവണ മികേൽ ഒയാർസബലിന്റെ അസിസ്റ്റിൽ ഡാനി ഒൽമോയാണ് നിറയൊഴിച്ചത്. ലീഡുയർത്താൻ സ്പെയിൻ അവസാന മിനിറ്റുകളിലും നിരന്തരം ആക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
മത്സരത്തിൽ 76 ശതമാനവും പന്ത് നിയന്ത്രണത്തിലാക്കിയ സ്പെയിൻ, 35 ഷോട്ടുകൾ ഉതിർത്തുവിട്ടപ്പോൾ പതിമൂന്നും വലക്ക് നേരെയായിരുന്നു. ജോർജിയൻ താരങ്ങൾക്ക് അടിക്കാനായത് നാല് ഷോട്ടുകൾ മാത്രമാണ്. ക്വാർട്ടറിൽ ആതിഥേയരായ ജർമനിയാണ് സ്പെയിനിന്റെ എതിരാളികൾ.